ന്യൂഡൽഹി: ഭിന്നശേഷിക്കാരെ പരിഹസിക്കുന്ന ഇൻഫ്ലുൻസർമാർക്കും യൂട്യൂബർമാർക്കും പിഴ ചുമത്തണമെന്ന് സുപ്രീംകോടതി. യൂട്യൂബർ രൺവീർ അൽബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം. “ആവിഷ്കാര സ്വാതന്ത്ര്യം ഉത്തരവാദിത്തത്തോടെ വിനിയോഗിക്കണം,” സോഷ്യൽ മീഡിയ ഉള്ളടക്കം മനുഷ്യന്റെ അന്തസ്സിനെ ഹനിക്കാൻ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം പരാമർശം നടത്തിയ യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണം. അല്ലെങ്കിൽ പിഴശിക്ഷ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവൽക്കരണം നടത്താൻ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാൻ രൺവീർ ഉൾപ്പടെയുള്ള ഇൻഫ്ലുവൻസർമാരോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇൻഫ്ലുവൻസർമാർ പ്രതികരണം നടത്തുമ്പോൾ ഉത്തരവാദിത്തതോട് കൂടി മാത്രമേ അത് ചെയ്യാവു.
സമൂഹത്തിലെ ചില വിഭാഗങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നില്ലെന്ന് പ്രതികരണം നടത്തുമ്പോൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.കേസിൽ കേന്ദ്രസർക്കാറിനും ചില നിർദേശങ്ങൾ കോടതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന ഭാഷ സംബന്ധിച്ച് വാർത്താവിനിമ മന്ത്രാലയം നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിൽ സമൂഹത്തിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഒരു സംഭവം മാത്രം മുൻനിർത്തിയല്ല ഇക്കാര്യത്തിൽ മാർഗനിർദേശം പുറപ്പെടുവിക്കേണ്ടത്. സമൂഹത്തിന്റെ വിശാലമായ താൽപര്യങ്ങൾ മുൻനിർത്തി വേണം ഇക്കാര്യത്തിൽ മാർഗനിർദേശം കൊണ്ടു വരേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചു. പ്രമുഖ യൂട്യൂബ് ഷോ ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റി’ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ് വന്നിരുന്നു. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം
















