സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഓഗസ്റ്റ് 28 ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മാളവിക മോഹനന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിലെ കാസ്റ്റ് പ്രഖ്യാപിച്ച സമയം തൊട്ടേ സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലിന്റെയും മാളവിക മോഹനന്റെയും പ്രായത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍. ഇപ്പോഴിതാ ഇത്തരം കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാളവിക മോഹനന്‍. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക മോഹനന്റെ പ്രതികരണം.
മാളവികയുടെ വാക്കുകള്‍…..
‘ഞാന്‍ ഒരു കമന്റിന് മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ കമന്റ് ചെയ്യുന്നത് ബാലിശമാണ്. ആദ്യം സിനിമ റിലീസാകട്ടെ. സിനിമ കണ്ട ശേഷം അസാധാരണമായൊരു വിഷയമാണെന്ന് തോന്നുകയാണെങ്കില്‍ കമന്റ് ചെയ്യാം, അത് ന്യായമാണ്. അഭിപ്രായങ്ങളുണ്ടാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ ഒന്നുമറിയാതെ കമന്റ് ചെയ്യുന്നത് ശരിയല്ല.’
മലയാളികള്‍ക്ക് എല്ലാകാലത്തും മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോ. ടി.പി ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേല്‍പ്, പിന്‍ഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്‌നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുള്ളത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കോംബോയില്‍ ഒരു സിനിമ വരുന്നത്.
അതേസമയം അഖില്‍ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂര്‍വ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം നല്‍കുന്നത്.
















