കുട്ടികളുടെ വളർച്ചയുടെ വലിയ പങ്കും അവരുടെ ജീനുകളെ ആശ്രയിച്ചാണുള്ളത്. എന്നാൽ ശരിയായ വളർച്ചക്ക് ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ പ്രാധാന്യം ചെറുതൊന്നുമല്ല. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ഉയരം വർധിപ്പിക്കുന്നതിൽ പോഷകാഹാരത്തിന് പ്രധാന പങ്കുണ്ടെന്നാണ് പ്ലോസ് വണ് ജേണലില് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ വേണം നൽകാൻ. അവരെ കൂടുതൽ സജീവവും ഊർജ്ജസ്വലരുമായി നിലനിർത്താൻ ഇത് വളരെയധികം ഗുണം ചെയ്യും. അത്തരത്തിൽ കുഞ്ഞുങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പാൽ
കാത്സ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഒരു മികച്ച സ്രോതസാണ് പാൽ. കാത്സ്യത്തിന്റെ സമ്പന്ന ഉറവിടമായതിനാൽ എല്ലുകളെ ശക്തിപ്പെടുത്താനും അവയുടെ വളർച്ച മെച്ചപ്പെടുത്താനും ഇത് വളരെയധികം സഹായിക്കും. നാല് വയസിന് മുകളിലുള്ള കുട്ടികൾ പതിവായി പാൽ കുടിക്കുന്നത് ഉയരം വർധിപ്പിക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ഇതിലെ പ്രോട്ടീൻ പേശികളുടെ വളർച്ചയെയും പിന്തുണയ്ക്കും.
ഇലക്കറികൾ
ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ പതിവായി കഴിക്കുന്നത് അസ്ഥികളുടെ വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കും. കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവ ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം എല്ലുകളുടെ വികാസത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പിന്തുണയ്ക്കും. ഇളക്കറികളിലെ വിറ്റാമിൻ കെ അസ്ഥികളുടെ സാന്ദ്രത, ഉയരം എന്നിവ വർധിപ്പിക്കാൻ ഗുണം ചെയ്യുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പാഠനം സൂചിപ്പിക്കുന്നു.
പയർ വർഗങ്ങൾ
പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് പയറുവർഗങ്ങൾ. പേശികളുടെയും ടിഷ്യുവിന്റെയും വളർച്ചയെ പിന്തുണയ്ക്കുന്നതിലൂടെ കുട്ടികളുടെ ഉയരം വർധിപ്പിക്കാൻ ഇത് സഹായിക്കും. നാരുകൾ, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി എന്നിവയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ഫോളേറ്റ് പുതിയ കോശങ്ങളുടെ രൂപീകരണത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും ഗുണകരമാണ്. അതിനാൽ കുട്ടികളുടെ ഭക്ഷണക്രമത്തിൽ കടല, പയർ തുടങ്ങിയ പയറുവർഗങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
നട്സുകളും
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഭക്ഷണക്രമത്തിൽ ബദാം, വാൽനട്ട്, ചിയ വിത്തുകൾ, മത്തങ്ങ വിത്തുകൾ തുടങ്ങിയ നട്സുകളും വിത്തുകളും ഉൾപ്പെടുത്തുക. ഇവയിൽ പ്രോട്ടീൻ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഉയരം വർധിക്കാൻ സഹായിക്കുകയും കൊളാജൻ രൂപീകരണം, ഹോർമോൺ നിയന്ത്രണം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.
തവിട് അടങ്ങിയിട്ടുള്ള ധാന്യങ്ങൾ
തവിട് അടങ്ങിയിട്ടുള്ള ധാന്യങ്ങളിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ബി, ഊർജ്ജം, മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയരം വർധിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും. പാൽ ഉത്പന്നങ്ങളിൽ തവിടുപൊടി ചേർത്ത് കഴിക്കുന്നത് കുട്ടികളും ഉയരം വർധിക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
















