എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ ആരംഭിക്കും.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബം ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് അനാവശ്യമായി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹര്‍ജിയില്‍ കോടതി ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേട്ടിരുന്നു
ആവശ്യമായ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പൊലീസ് ശേഖരിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ വാദങ്ങള്‍ തന്നെയാണ് വീണ്ടും ഹര്‍ജിയില്‍ ഉന്നയിച്ചതെന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടയെന്ന വാദം കോടതി അംഗീകരിച്ചില്ല.
വിചാരണ നടപടിക്കായി കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. തുടരന്വേഷണ ഹര്‍ജിയില്‍ തീര്‍പ്പായതോടെ കേസ് റദ്ദാക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് പി പി ദിവ്യയുടെ തീരുമാനം.
















