ഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും സംയുക്ത ചർച്ചയ്ക്കു തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദര്‍. അതേസമയം, ചര്‍ച്ചകള്‍ക്കുവേണ്ടി യാചിക്കാന്‍ പാകിസ്താന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലമാബാദില്‍ മാധ്യമങ്ങളോടു സംസാരിക്കുകവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘര്‍ഷത്തേക്കുറിച്ച് സംസാരിക്കവേ, പാകിസ്താന്റെ വാദം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ദര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സംഘര്‍ഷവേളയില്‍ കരയിലും ആകാശത്തും പാകിസ്താന്‍ സൈന്യം അവരുടെ കഴിവ് തെളിയിച്ചതായും ഏതുതരം പ്രകോപനത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സമുദ്രത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍, പൂര്‍ണശക്തിയോടെ തിരിച്ചടിക്കാന്‍ പാകിസ്താന്‍ സജ്ജമാണെന്നും ദര്‍ പറഞ്ഞു.
പാക് അധീന കശ്മീര്‍ തിരികെ നല്‍കുന്ന വിഷയത്തിലും ഭീകരവാദത്തിന്റെ കാര്യത്തിലും മാത്രമേ പാകിസ്താനുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പാകിസ്താനില്‍ പര്‍വേസ് മുഷാറഫ് അധികാരത്തിലിരുന്ന കാലത്ത് 2003-ലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രചര്‍ച്ചയ്ക്ക് തുടക്കമായത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന മുഴുവന്‍ വിഷയങ്ങളെയും എട്ടുവിഭാഗങ്ങളാക്കി തിരിച്ചായിരുന്നു ചര്‍ച്ച. എന്നാല്‍, 2008-ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ച വഴിമുട്ടി. പിന്നീട് ഇത് പുനഃസ്ഥാപിക്കപ്പെട്ടിരുന്നില്ല.
















