ഗർഭിണികളിൽ സാധാരണവും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒന്നാണ് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ. വയറു വീർക്കുക, ഗ്യാസ്, അസ്വസ്ഥത, വയർ നിറഞ്ഞതായുള്ള തോന്നൽ ഇവയൊക്കെ ഭൂരിഭാഗം ഗർഭിണികളെയും അലട്ടുന്ന പ്രശ്‌നങ്ങളാണ്.
ഗർഭിണികളിൽ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന്‍റെ കാരണങ്ങൾ
ഹോർമോൺ മാറ്റങ്ങൾ : ഗർഭകാലത്ത് പ്രൊജസ്ട്രോണുകളുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത് ദഹനനാളത്തിലെ പേശികൾക്ക് വിശ്രമം നൽകുന്നു. ഇത് ദഹനം മന്ദഗതിയിലാക്കുകയും വാതക ഉത്പാദനം വർധിപ്പിക്കുകയും ചെയ്യും. ഇത് വയറു വീർക്കുന്നതിന് കാരണമാകും.
ഉയർന്ന രക്തത്തിന്‍റെ അളവ് : ഗർഭസ്ഥ ശിശുവിന്‍റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഗർഭകാലത്ത് അമ്മയുടെ ശരീരം കൂടുതൽ രക്തം ഉത്പാദിപ്പിക്കും. ഇതും വയർ വീർക്കുന്നത്പോലുള്ള തോന്നൽ ഉണ്ടാക്കും.
ഗർഭാശയത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദം : ഗർഭാശയം വികസിക്കും തോറും കുടലിൽ സമ്മർദ്ദം ചെലുത്തും. ഇത് ദഹനനാളത്തിലൂടെ വാതകം കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതും വയറ്റിൽ പല തരത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകും.
ദഹനപ്രക്രിയയിലെ മാറ്റങ്ങൾ : ഗർഭധാരണം നടന്നു കഴിഞ്ഞാൽ ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനങ്ങളിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് മലബന്ധം, വയറുവീർക്കൽ പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.
ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ : കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിയതോ ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്ക് കരണമായതോ ആയ ചില ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയർ വീർക്കുന്നതിന് കാരണമാകും.
ദ്രാവകം അടിഞ്ഞുകൂടുക : ഗർഭിണികളിൽ പലപ്പോഴും ദ്രാവകം നിലനിർത്താൻ കാരണമാകും. ഇത് വീക്കം, വയറു വീർക്കുന്നതായുള്ള തോന്നൽ എന്നിവയിലേക്ക് നയിക്കും.
വായു വിഴുങ്ങുക : വേഗത്തിൽ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുകയോ സ്ട്രോയിലൂടെ വെള്ളം കുടിക്കുകയോ ചെയ്യുന്നത് അധികം വായു വിഴുങ്ങാൻ ഇടയാക്കും. ഇത് വയറു വീർക്കുന്നതിന് കാരണമാകും.
ചികിത്സ മാർഗങ്ങൾ
ഗർഭകാലത്ത് ദഹനസംബന്ധമായ പ്രശ്‌നങ്ങൾ സ്‌ത്രീകളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും ദൈനംദിന ജോലികൾ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തേക്കും. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനും ചില വഴികൾ ഇതാ.
ഇടയ്ക്കിടെ ഭക്ഷണം കഴിക്കുക : ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ലഘുവായ ഭക്ഷണങ്ങൾ കഴിക്കുക. ഇത് ഗ്യാസ് നിറയുന്നത് തടയാൻ സഹായിക്കും.
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക: ഗ്യാസ്, വയറുവീർക്കൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബീൻസ്, കാബേജ്, കാർബണേറ്റഡ് പാനീയങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
ജലാംശം നിലനിർത്തുക : ദിവസേന ധാരാളം വെള്ളം കുടിക്കുക. മലബന്ധം തടയാനും ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
വ്യായാമം പതിവാക്കുക : ദഹനത്തെ പിന്തുണയ്ക്കാനും വയറുവീർക്കൽ പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും നടത്തം, യോഗ പോലുള്ള വ്യായാമങ്ങൾ ചെയ്യുക.
ഭക്ഷണം ചവച്ചരച്ച് കഴിക്കുക : ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ കഴിക്കുന്നത് വായു വിഴുങ്ങുന്നത് കുറയ്ക്കുകയും ദഹനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക : അമിതമായി നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറു വീർക്കാൻ ഇടയാക്കും. നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക : കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് ഗ്യാസ്, വയറു വേദന എന്നീ പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ ഇത്തരം പാനീയങ്ങൾ ഒഴിവാക്കുക. പകരം ഹെർബൽ ടീ, ഡ്രിങ്ക്സ് എന്നിവ തെരഞ്ഞെടുക്കുക.
















