ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യൻ പോർട്ട്‌ഫോളിയോയിൽ തങ്ങളുടെ ബിഎംഡബ്ല്യു എക്‌സ് 5ന്‍റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. പുതിയ സവിശേഷതകളോടെയാണ് അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നത്. ഒപ്പം വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ബിഎംഡബ്ല്യു എക്‌സ് 5ന്‍റെ വേരിയന്‍റുകളുടെയും വില 2.5 ലക്ഷം രൂപ വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ ബിഎംഡബ്ല്യു എക്‌സ് 5ന്‍റെ വില ഇപ്പോൾ ഏകദേശം 1 കോടി രൂപയിൽ നിന്ന് 1.15 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് വേരിയന്‍റുകൾക്കനുസരിച്ച് വ്യത്യാസപ്പെടും. ഇന്ത്യയിൽ നേരത്തെ ലഭ്യമായിരുന്ന എം സ്പോർട്ട് വേരിയന്‍റിന് പകരം കമ്പനി കൂടുതൽ സ്പോർട്ടി ലുക്കുള്ള എം സ്പോർട്ട് പ്രോ വേരിയന്‍റും അവതരിപ്പിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു എക്‌സ് 5ലെ വലിയ അപ്‌ഗ്രേഡ് ഇതിൽ നൽകിയിരിക്കുന്ന എയർ സസ്‌പെൻഷൻ ആണ്. മുമ്പ് ടോപ്-സ്‌പെക് വേരിയന്‍റുകളിൽ മാത്രം ലഭ്യമായിരുന്ന ഫീച്ചറാണിത്. ഇപ്പോൾ ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ലഭിക്കും.
ബിഎംഡബ്ല്യു എല്ലാ ബിഎംഡബ്ല്യു എക്‌സ് 5 വേരിയന്‍റുകളിലും എക്‌സ് ഓഫ്‌റോഡ് പാക്കേജ് ചേർത്തിട്ടുണ്ട്. ഇത് എക്‌സ് സാൻഡ്, എക്‌സ് റോക്‌സ്, എക്‌സ് ഗ്രാവൽ, എക്‌സ് സ്നോ എന്നിവയുൾപ്പെടെ സെന്‍റർ കൺസോളിലെ ഒരു റോക്കർ സ്വിച്ച് വഴി നാല് ഓഫ്-റോഡ് ഡ്രൈവിങ് മോഡുകൾ വാഗ്‌ദാനം ചെയ്യുന്നു.
ബിഎംഡബ്ല്യു എക്‌സ് 5ന്‍റെ പുതിയ സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ, എം സ്പോർട്ട് പ്രോ വേരിയന്‍റിന്‍റെ ഇന്‍റീരിയറും എക്‌സ്റ്റീരിയറും വ്യത്യസ്‌തമായി കാണപ്പെടുന്നു. കൂടാതെ കൂടുതൽ സവിശേഷതകളും ഉണ്ട്. വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകളോടെ വരുന്ന പ്രോ മോഡലിന്‍റെ എക്‌സ്റ്റീരിയർ ഡിസൈൻ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ, ഒരു ബ്ലാക്ക്-ഔട്ട് ഇലുമിനേറ്റഡ് ഗ്രില്ലും ഉപയോഗിച്ചിട്ടുണ്ട്.
എം സ്‌പോർട് എക്‌സ്‌ഹോസ്റ്റ് പൈപ്പും റൂഫ് റെയിലുകളുമുള്ള എം സ്‌പോർട് എയ്‌റോ പാക്കേജാണ് പ്രോ മോഡലിലുള്ളത്. അതിൽ ഫ്രണ്ട് സ്പ്ലിറ്റർ, സൈഡ് സ്‌കർട്ടുകൾ, റിയർ ഡിഫ്യൂസർ എന്നിവ ഉൾപ്പെടുന്നു. ഉയർന്ന വേരിയന്‍റുകളിൽ വ്യത്യസ്‌ത 21 ഇഞ്ച് അലോയ് വീലുകൾ, എം സ്‌പോർട് ഡിഫറൻഷ്യൽ, റെഡ് ബ്രേക്ക് കാലിപ്പറുകൾ എന്നിവ ലഭിക്കും. പുതിയ ബിഎംഡബ്ല്യു എക്‌സ് 5 ബ്രൂക്ലിൻ ഗ്രേ, കാർബൺ ബ്ലാക്ക്, മിനറൽ വൈറ്റ്, സ്കൈസ്‌ക്രാപ്പർ ഗ്രേ, ടാൻസാനൈറ്റ് ബ്ലൂ, ബ്ലാക്ക് സഫയർ എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
ഇന്‍റീരിയറിലേക്ക് പോകുമ്പോൾ, പുതിയ ബിഎംഡബ്ല്യു എക്‌സ് 5 എം സ്‌പോർട് പ്രോ വേരിയന്‍റ് ഡ്യുവൽ-ടോൺ ടാർട്ടുഫോ (സാഡിൽ-ബ്രൗൺ) നിറത്തിലും, ബ്ലാക്ക് നിറത്തിലും, ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലും ലഭ്യമാവും. ബിഎംഡബ്ല്യു എക്‌സ് 5ന്‍റെ സ്റ്റാൻഡേർഡ് മോഡലിന്‍റെ അപ്ഹോൾസ്റ്ററി അലങ്കാര തുന്നലും കോഗ്നാക് ഷേഡും ഉള്ള സുഷിരങ്ങളുള്ള സെൻസഫിൻ അപ്ഹോൾസ്റ്ററി ഉപയോഗിക്കുന്നു.
















