കുവൈത്തിൽ ചരക്കുലോറികൾക്ക് പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് വിഭാഗം യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ട്രാഫിക് വിഭാഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
നിയന്ത്രണം അനുസരിച്ച് രാവിലെ 6:30 മുതൽ 9:00 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:30 വരെയും ട്രക്കുകൾക്ക് പ്രധാന റോഡുകളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. ഇത് ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണ്.
അതേസമയം 2026 ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ മാത്രമായിരിക്കും. അതായത് ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:30 വരെ മാത്രമാകും നിയന്ത്രണം ഉണ്ടാവുക. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
















