പ്രണയം അന്ധമാണെന്ന് പറയാറുണ്ട്, ജപ്പാനിലെ ഒരു ദമ്പതികൾ അതിനെ അക്ഷരാർത്ഥത്തിൽ സ്വീകരിച്ചിരിക്കുന്നു. 23 വയസ്സുകാരനെ പ്രണയിച്ച 83വയസ്സുകാരിയായ ഒരു സ്ത്രീയുടെ പ്രണയകഥയാണ് ഇപ്പോൾ ജപ്പാനിൽ വൈറലായി മാറുന്നത്. ഐക്കോ എന്ന 83 -കാരിയാണ് തന്റെ കൊച്ചുമകളുടെ സഹപാഠിയായ 23 -കാരനായ കോഫുമായി പ്രണയത്തിലായത്. ആറ് മാസത്തിലേറെയായി ഇരുവരും ഡേറ്റിംഗിലാണ് എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നത്.
കോഫു സഹപാഠിയുടെ മുത്തശ്ശിയുടെ വീട്ടിൽ ചെല്ലാറുണ്ടായിരുന്നു. അങ്ങനെയാണത്രെ ഐക്കോയുമായി പ്രണയത്തിലാകുന്നത്. ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായി എന്നാണ് ഐക്കോ പറയുന്നത്. നല്ല ചുറുചുറുക്കും അതേസമയം ശാന്തമായ സ്വഭാവവും ഉള്ള ആളാണ് കോഫു.
അറിയാതെ അവനുമായി പ്രണയത്തിലായിപ്പോയി എന്നും ഐക്കോ മുത്തശ്ശി പറയുന്നു. വലിയ പ്രായവ്യത്യാസമുണ്ട് എന്നതുകൊണ്ട് തന്നെ ആദ്യമൊന്നും ഇരുവരും പരസ്പരം തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയില്ല.
ഒരിക്കൽ ഐക്കോയുടെ കൊച്ചുമകൾ ഒരു ഡിസ്‍നിലാൻഡ് ടൂർ പ്ലാൻ ചെയ്തു. എന്നാൽ, അവസാനനിമിഷം പിന്മാറി, അതോടെ ഐക്കോയും കോഫുവും മാത്രമായി ആ യാത്രയിൽ. അപ്പോഴാണ് ഇരുവരും പരസ്പരം പ്രണയം വെളിപ്പെടുത്തിയത്.
ഇരുവരും പ്രണയത്തിലാണ് എന്ന് അറിഞ്ഞപ്പോൾ വീട്ടുകാരും അതിനെ എതിർത്തില്ല. ഇരുവരും ഒരുമിച്ചാണ് താമസം. ഐക്കോ പറയുന്നത് അവൻ ജോലിക്ക് പോയി കഴിയുമ്പോൾ വലിയ ഒറ്റപ്പെടൽ തോന്നും, എന്നാൽ അവന് വേണ്ടി ഭക്ഷണമൊക്കെ പാകം ചെയ്ത് കാത്തിരിക്കാൻ തനിക്ക് ഇഷ്ടമാണ് എന്നാണ്.
രണ്ടുതവണ വിവാഹിതയായ ഐക്കോയ്ക്ക് ഒരു മകനും ഒരു മകളും അഞ്ച് പേരക്കുട്ടികളുമാണുള്ളത്. സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് കോഫു. നിലവിൽ ഒരു ക്രിയേറ്റീവ് ഡിസൈൻ കമ്പനിയിൽ ഇന്റേൺ കൂടിയാണ് അവൻ. അവളോടൊപ്പം ജീവിക്കുന്നതിൽ വളരെയേറെ സന്തോഷവാനാണ് എന്നാണ് കോഫു പറയുന്നത്.
















