രാജ്യവ്യാപകമായി 20 ശതമാനം എഥനോൾ മിശ്രിത പെട്രോൾ (ഇബിപി-20) നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) സുപ്രീം കോടതി തള്ളി.നിലവിൽ പ്രവർത്തിക്കുന്ന പല വാഹനങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ E20 ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ആരോപിച്ചുള്ള ഹർജി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്. രാജ്യത്ത് എന്ത് നടപ്പാക്കണമെന്ന തീരുമാനത്തെ സ്വാധീനിക്കാനാണ് ലോബിയുടെ ശ്രമമെന്നുമായിരുന്നു അറ്റോർണി ജനറലിന്റെ മറുപടി. പെട്രോളിലെ എഥനോൾ 10-ൽ നിന്ന് 20 ശതമാനമായി ഉയർത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നായിരുന്നു പൊതുതാൽപര്യ ഹർജിയിലെ പ്രധാന വാദം.
















