ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചിലപ്പോൾ മാത്രമുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ കണക്കിലെടുത്ത് വിഷമിക്കേണ്ടതില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ തയ്യാറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുമായി തനിക്ക് എപ്പോഴും നല്ല ബന്ധമാണെന്നും, മോദി ഒരു മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഈ പ്രത്യേക നിമിഷത്തിൽ അദ്ദേഹം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ, ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ട്. വിഷമിക്കേണ്ട കാര്യമില്ല. നമുക്ക് ചിലപ്പോഴൊക്കെ നിമിഷങ്ങൾ മാത്രമേ ഉണ്ടാകൂ- അദ്ദേഹം പറഞ്ഞു.
ഇന്ത്യ റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങുന്നതിൽ താൻ വളരെ നിരാശനാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മേൽ ഉയർന്ന തീരുവ ചുമത്തിയതായും, 50 ശതമാനം താരിഫാണ് ചുമത്തിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഞങ്ങൾ ഇന്ത്യയെയും റഷ്യയെയും ചൈനയ്ക്ക് നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഭാവി ഉണ്ടാകട്ടെ!- ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനും ഒപ്പമുള്ള മോദിയുടെ ഒരു പഴയ ചിത്രം പങ്കുവെച്ചായിരുന്നു ട്രംപിന്റെ ഈ പോസ്റ്റ്.
















