ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ മണ്ണിടിച്ചിലിൽ. പ്രദേശത്ത് അഞ്ച് വീടുകൾ തകർന്നു. മൂന്നുപേർ മരിച്ചു. അഞ്ച് പേരെ കാണാനില്ല. വ്യാപകമായ നാശനഷ്ടങ്ങൾ ആണ് പ്രദേശത്ത് ഉണ്ടായത്. ഷിംല, സിർമൗർ, കിനൗർ, അഘാര എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് നാലിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങിൽ മേഘവിസ്ഫോടനവും പ്രളയവും ഉണ്ടായി. നിരവധി റോഡുകൾ തകർന്നു. അഘാരയിലുണ്ടായ മണ്ണിടിച്ചിലിൽ ഏഴുപേരെ കാണാതായി. ജമ്മു കാശ്മീരിൽ നിന്നെത്തിയ തൊഴിലാളികളാണ് കാണാതായ ഏഴ് പേരും. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 200 മീറ്ററോളം മണ്ണിടിച്ചിൽ ഉണ്ടായതായാണ് റിപ്പോർട്ട്. പ്രദേശത്തെ വീടുകൾക്ക് അപകട സാധ്യതയുണ്ടെന്നാണ് സൂചന. വിവരം ലഭിച്ചതിനെത്തുടർന്ന് അധികൃതർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കാണാതായവർക്കായി വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്. സാധ്യമായ എല്ലാ രീതിയിലും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ മാസം കൂടി ശക്തമായ മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശമായി വർഷകാല നിയമസഭയിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു പ്രഖ്യാപിച്ചിരുന്നു.
ദുരന്തത്തിൽ 3000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി അദ്ദേഹം പറഞ്ഞു. മേഘവിസ്ഫോടനം, ഉരുൾപൊട്ടൽ, മിന്നൽ പ്രളയം തുടങ്ങിയവ സൃഷ്ടിച്ച നഷ്ടം 3,056 കോടി രൂപയാണ്. റോഡുകൾ, പാലം, കുടിവെള്ളം, ഊർജകേന്ദ്രങ്ങൾ എന്നിവക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും അദ്ദേഹം അറിയിച്ചിരുന്നു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിഞ്ജാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം സംസ്ഥാനത്ത് ഇതുവരെ മുന്നൂറിലധികം പേർ മരിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രകാരം മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, മുങ്ങിമരണങ്ങൾ, ഇടിമിന്നൽ തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 194 പേർ മരിച്ചു. അതേസമയം 161 പേർ റോഡപകടങ്ങളിൽ മരിച്ചു.
















