ബഹ്‌റൈനിൽ വ്യക്തികളും സ്ഥാപനങ്ങളും സംഭാവനകൾ പിരിക്കുന്നതിന് ഇനി മുതൽ നിയന്ത്രണം. ഇത് സംബന്ധിച്ച് കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തികൊണ്ടുള്ള പുതിയ നിയമത്തിന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അംഗീകാരം നൽകി.
പണസമാഹരണം സംബന്ധിച്ച് 2013ലെ 21–ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് പുതിയ നിയമം.
പൊതുലക്ഷ്യത്തിനായി വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ പണസമാഹരണം സംബന്ധിച്ച് കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് അധികൃതർ അറിയിച്ചു.
ലൈസൻസ്, സംഭാവന പിരിക്കൽ, അനധികൃത സംഭാവന എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പ്രധാന തിരുത്തലുകൾ വരുത്തിയിരിക്കുന്നത്.
















