ദുബായ്-നേപ്പാൾ വിമാന സർവീസുകൾ റദ്ദാക്കി. നേപ്പാളിലെ ജെൻ സി പ്രതിഷേധത്തെ തുടർന്ന് കാഠ്മണ്ഡു വിമാനത്താവളം അടച്ചതോടെയാണ് സർവീസുകൾ റദ്ദാക്കിയത്. ഇതേ തുടർന്ന് ഫ്ലൈ ദുബായ് വിമാനങ്ങളടക്കം റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു.
ഇന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് എഫ് ഇസെഡ് 539 വിമാനം വഴിതിരിച്ചുവിട്ട് ലഖ്നൗവിലേക്ക് അയച്ചതായി ഫ്ലൈദുബായ് വക്താവ് അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്കുള്ള എഫ് ഇസെഡ് 540 വിമാനവുംഎഫ് ഇസെഡ് 573/574, എഫ് ഇസെഡ് 575/576 എന്നീ വിമാനങ്ങളും റദ്ദാക്കി.
വിമാനം റദ്ദാക്കിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും അടുത്ത ലഭ്യമായ വിമാനങ്ങളിൽ ടിക്കറ്റുകൾ വീണ്ടും ബുക്ക് ചെയ്തുനൽകുമെന്നും ഫ്ലൈദുബായ് വ്യക്തമാക്കി.
യാത്രക്കാർക്ക് കൂടുതൽ വിവരങ്ങൾക്കായി ഫ്ലൈദുബായ് കോൺടാക്റ്റ് സെൻ്ററുമായി ബന്ധപ്പെടുകയോ, വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
അതേസമയം എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ് വിമാനങ്ങൾക്ക് നേപ്പാളിലേയ്ക്ക് നേരിട്ടുള്ള സർവീസുകളില്ല. ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യയുടെ വിമാനങ്ങൾ മുടങ്ങിയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
















