ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയ തങ്ങളുടെ ഇലക്‌ട്രിക് കാറായ ഇവി6ന്‍റെ പുത്തൻ പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 65.9 ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ്‌ഷോറൂം വില. ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളോടെയാണ് 2025 കിയ EV6 പുറത്തിറക്കിയത്.
ഇതിന്‍റെ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് വിറ്റിരുന്നത്. ഇവയ്ക്ക് യഥാക്രമം 60.9 ലക്ഷം രൂപയും 65.7 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയുണ്ട്. അതേസമയം, ഇവി6ന്‍റെ 2025 മോഡൽ GT ലൈൻ AWD വേരിയന്‍റിൽ മാത്രമാണ് പുറത്തിറക്കിയത്.
അപ്‌ഡേറ്റ് ചെയ്‌ത കിയ EV6 ഹ്യുണ്ടായി അയോണിക് 5, BYD സീലിയൻ 7, BMW iX1, മെഴ്‌സിഡസ്-ബെൻസ് EQA, വോൾവോ C40 റീചാർജ് എന്നിവയുമായി ആയിരിക്കും മത്സരിക്കുക. കാറിന്‍റെ മുൻവശത്തുള്ള ക്ലാസിക് ഹെഡ്‌ലൈറ്റുകൾ ഇപ്പോൾ കിയ EV3, കിയ EV4 കൺസെപ്റ്റ് മോഡലുകളെ അനുസ്‌മരിപ്പിക്കുന്ന എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. സൈഡ് പ്രൊഫൈലിലേക്ക് പോകുമ്പോൾ, കിയ EV6 ഫെയ്‌സ്‌ലിഫ്റ്റിന് 19 ഇഞ്ച് കറുപ്പും വെളുപ്പും നിറമുള്ള എയ്‌റോ അലോയ് വീലുകൾ ലഭിക്കുന്നു. പിന്നിൽ ടെയിൽ ലാമ്പായി ഒരു തിരശ്ചീന LED സ്ട്രിപ്പും ഉപയോഗിച്ചിട്ടുണ്ട്.
ഡ്രൈവർ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററും ഇൻഫോടെയ്ൻമെന്‍റ് ടച്ച്‌സ്‌ക്രീനും ഉൾപ്പെടുന്ന പുതിയ ഡ്യുവൽ 12.3 ഇഞ്ച് വളഞ്ഞ പനോരമിക് ഡിസ്‌പ്ലേയാണ് പുതുക്കിയ കിയ ഇവി6ന് നൽകിയിരിക്കുന്നത്. ഇത് തന്നെയാണ് 2025 മോഡലിലെ ഒരു പ്രധാന അപ്‌ഗ്രേഡ്. ഇതിനുപുറമെ, ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർപ്ലേയ്ക്കുമുള്ള വയർലെസ് കണക്റ്റിവിറ്റി ഈ പുതിയ മോഡലിൽ ഉണ്ട്. രണ്ട്-സ്‌പോക്ക് ഡി-കട്ട് സ്റ്റിയറിങ് വീലുമായി സംയോജിപ്പിച്ച ഫിംഗർപ്രിന്‍റ് സെൻസറും ഇതിലുണ്ട്. ഇത് ഡ്രൈവർക്ക് സ്റ്റാൻഡേർഡ് കീ ഇല്ലാതെ കിയ EV6 സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കുന്നു.
പുതിയ കിയ EV6ൽ OTA അപ്‌ഗ്രേഡായി നാവിഗേഷൻ, ഇലക്ട്രിക്കൽ കൺട്രോൾ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ റിയർവ്യൂ മിറർ, മികച്ച 12 ഇഞ്ച് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഓഗ്‌മെന്‍റഡ് റിയാലിറ്റി നാവിഗേഷൻ സിസ്റ്റം എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് ക്യാബിൻ അപ്‌ഗ്രേഡുകൾ.
2025 കിയ EV6 മോഡലിൽ ഹ്യുണ്ടായ് മോട്ടോർ ഗ്രൂപ്പിന്‍റെ 84 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. അതായത് മുമ്പത്തെ 77.4 kWh ബാറ്ററി പായ്ക്ക് ഇപ്പോൾ മാറ്റിയിരിക്കുന്നു. ഇത് പരമാവധി 663 കിലോമീറ്റർ നൽകുമെന്നാണ് റേഞ്ച് പറയുന്നത്. 350 kW DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ബാറ്ററി. ഇത് 18 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
320 ബിഎച്ച്‌പി പവറും 605 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നതാണ് കിയ EV6 GT-ലൈൻ AWD വേരിയന്‍റിലെ മോട്ടോർ. റൈഡിങ് സുഗമമാക്കുന്നതിനും മോട്ടോർ ശബ്‌ദം കുറയ്ക്കുന്നതിനും അധിക സുരക്ഷയ്ക്കുമായി EV6ന്‍റെ ഫ്രീക്വൻസി-സെലക്‌ടീവ് ഡാംപറുകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കിയ പറയുന്നു.
















