ലോകത്തിലെ ഭീമാകാരനായ മാംസഭോജിയാണ് കടലാന അഥവാ ആനത്തിമിംഗലം. വടക്കൻ പസഫിക് മഹാസമുദ്രങ്ങളിലും ഉത്തര അമേരിക്കയുടെ തീരങ്ങളിലും ദക്ഷിണമേഖലയിലെ ഫാക്ലൻഡ് ദ്വീപിനു ചുറ്റുമുള്ള കടലിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. മനുഷ്യനെ അധികം ഭയമില്ലാത്ത ജീവികളാണിവ.
ഒരു കാറിനേക്കാൾ വലിപ്പമുള്ള 3600 കിലോഗ്രാം ഭാരമുള്ള ഈ ജീവി ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി ആയി അറിയപ്പെടുന്നു. വലിയ നീലത്തിമിംഗലങ്ങൾ മാംസഭുക്കുകളാണെങ്കിലും അവ കാർണിവോറ കുടുംബത്തിൽപ്പെടുന്നില്ല. തുമ്പിക്കൈ പോലെ തോന്നിക്കുന്ന നീണ്ട മുഖവും ആനയെപ്പോലെ വലുപ്പവും ഉള്ളതിനാലാണ് ഇവയ്ക്ക് കടലാന എന്ന് പേര് ലഭിച്ചത്.
പെൺ വിഭാഗത്തിൽപെട്ടവയുടെ ഭാരം ഏകദേശം 900 കിലോഗ്രാം വരെയാണ്. എന്നാൽ ആൺ കടലാനക്ക് ശരാശരി 3,600 കിലോഗ്രാം ഭാരം ഉണ്ടാകും. ചിലപ്പോൾ ഇത് ചെറിയ കാറുകളുടെ ഭാരത്തിന്റെ ഇരട്ടിയിലധികം വരും. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ കടലാനയ്ക്ക് ഏകദേശം 4,000 കിലോഗ്രാം ഭാരവും 6.8 മീറ്റർ നീളവും ആയിരുന്നു.
കരയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുമെങ്കിലും മന്ദഗതിയിലേ മുന്നോട്ടു നീങ്ങാൻ സാധിക്കൂ. കടലോരത്തെ മണൽപ്പുറത്ത് പകൽ കിടന്നുറങ്ങുകയും രാത്രിയിൽ ആഹാരസമ്പാദനത്തിന് കടലിൽ ഇറങ്ങുകയുമാണ് ഇവയുടെ രീതി. ചില പ്രത്യേകയിനം മത്സ്യങ്ങൾ, കണവ, ചെറു തിരണ്ടികൾ, സ്രാവുകൾ എന്നിവയാണ് ഇവയുടെ മുഖ്യ ഭക്ഷണം. കടൽപ്പായലുകളും ഭക്ഷിക്കാറുണ്ട്. പല്ലുകൾ അകന്നതും ചവയ്ക്കാൻ പറ്റാത്ത തരത്തിലുമായതിനാൽ ഭക്ഷണസാധനം ഒന്നായി വിഴുങ്ങാൻ മാത്രമേ ഇവയ്ക്കു കഴിയൂ.കൂട്ടങ്ങളായി കഴിയുന്ന ഇവയെ വളരെ വേഗം വലയിലകപ്പെടുത്താൻ സാധിക്കും. തുകലിനും പല്ലിനുമായി മനുഷ്യർ ഇവയെ വേട്ടയാടാറുണ്ട്. അതുകൊണ്ടു തന്നെ വംശനാശ ഭീഷണി നേരിടുന്നവായാണ് കടലാനകൾ.
















