ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം 19 മുതല്‍ അടുത്ത മാസം 18 വരെയാണ് അനുമതി. യാത്രയ്ക്കുശേഷം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥയോടെയാണ് യാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സിദ്ദിഖിന് ഷൂട്ടിംഗിലും മറ്റ് പരിപാടികളിലും പങ്കെടുക്കാമെന്ന് കോടതി പറഞ്ഞു.
യുഎഇ ഈ മാസം 19 മുതല്‍ 24 വരെയും ഖത്തര്‍ ഒക്ടോബര്‍ 13 മുതല്‍ 18 വരെയുമാണ് സിദ്ദിഖ് സന്ദര്‍ശിക്കുക. വിദേശത്ത് സിനിമാ ഷൂട്ടിംഗ് ഉള്‍പ്പെടെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് യാത്രാനുമതി തേടി കോടതിയെ സമീപിച്ചത്. വിദേശയാത്രയ്ക്കായി പാസ്‌പോര്‍ട്ട് വിട്ടുനല്‍കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇത് കോടതി അനുവദിക്കുകയായിരുന്നു. യുവനടിയെ സിനിമാ ചര്‍ച്ചകള്‍ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് സിദ്ദിഖ് നടപടികള്‍ നേരിടുന്നത്. കേസില്‍ ഹൈക്കോടതി സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടുകയായിരുന്നു.
STORY HIGHLIGHT : Siddique, who is accused in rape case, is allowed to travel abroad
















