ചരിത്രശേഷിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ്. എന്നാൽ പലപ്പോഴും ഇത് സംരക്ഷിക്കപെടാറില്ല.. മറയൂരിലെ മുനിയറയുടെ കഥയും വ്യത്യസ്തമല്ല.ടൂറിസ്റ്റുകളുടെ അനാവശ്യ കടന്നുകയറ്റവും കല്ലുകൾ മറിച്ചടുക്കലുകളും ഈ മഹാശിലായുഗ കാല നിർമിതികളെ നശിപ്പിക്കുകയാണ്. മുനിയറകളുടെ സംരക്ഷണത്തിനായി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകുന്നില്ല എന്നതാണ് സത്യം.ദേശീയസ്മാരകങ്ങളായി സംരക്ഷിക്കാന്‍ കേരള ഹൈക്കോടതി വര്‍ഷങ്ങൾക്ക്മുമ്പ് വിധി പുറപ്പെടുവിപ്പിച്ച ചരിത്രസ്മാരകങ്ങളാണ്, നശിപ്പിച്ച് സ്വന്തം മനസിന്റെ വൈകൃതം കാട്ടാന്‍ ചിലര്‍ ഒരുമ്പെട്ടിരിക്കുന്നത്. മുരുകൻമല (കുരിശുമല) യിൽ സ്ഥിതി ചെയ്യുന്ന മുനിയറകൾ ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. 50ലധികം മുനിയറകൾ ഇവിടെയുണ്ട്. എന്നാൽ, സംരക്ഷണ വേലികളോ സൂചനാ ബോർഡുകളോ ഇല്ലാത്തതിനാൽ സഞ്ചാരികൾ കല്ലുകൾ മറിച്ചിടുകയും മുകളിൽ കയറിനിൽക്കുകയും ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ചെയ്ത ഏക സംരക്ഷണ നടപടി മറയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചില മുനിയറകൾക്ക് ചുറ്റും വേലി സ്ഥാപിച്ചതു മാത്രമാണ്.
മഹാശിലായുഗകാലത്തെ (ഏകദേശം 5000 വർഷം പഴക്കമുള്ള) ഗോത്രനേതാക്കളുടെ ശവക്കല്ലറകളാണ് ഈ മുനിയറകൾ. നാല് കല്ലുകൾ കോണിൽ വച്ച് മുകളിൽ ഒരു കപ്പ് സ്റ്റോണ്‍ വച്ചാണ് ഇവ നിർമിച്ചത്. ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിൽ വലിയ മുനിയറ സമാഹാരമാണുള്ളത്. പ്രഖ്യാപിതമായ മെഗാലിത്തിക് പാർക്ക്, പുരാവസ്തു മ്യൂസിയം തുടങ്ങിയ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിക്കിടക്കുന്നു. കേരള ഹൈക്കോടതി 22 വർഷങ്ങൾക്ക് മുന്‍പ് ഇവ ദേശീയ സ്മാരകങ്ങളായി സംരക്ഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പുരാവസ്തു വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അവഗണന തുടരുകയാണ്. 2011ൽ തുടങ്ങിയ സംരക്ഷണ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിർത്തിവച്ചു.
മലയുടെ താഴ്വരയിലെ ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന റോക്ക് പെയിന്റിംഗുകളും സമാനമായ ഭീഷണിയിലാണ്. മഹാശിലായുഗകാലത്തെ (പതിനായിരം വർഷം പഴക്കമുള്ള) അപൂർവ ചിത്രങ്ങൾ മഴയും വെയിലും ഏറ്റിട്ടും നിലനിൽക്കുന്നുണ്ടെങ്കിലും സഞ്ചാരികളുടെ ഇടപെടലിൽ നശിക്കുന്നു. ആട്ടള, എഴുത്ത് ഗുഹ, കോവിൽകടവ് എന്നിവിടങ്ങളിൽ 90ലധികം ചിത്രങ്ങൾ കാണാം. ചിന്നാർ വന്യജീവി സങ്കേതത്തിനടുത്തുള്ള ആലംപെട്ടി പോലുള്ള സ്ഥലങ്ങൾ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നുണ്ട്.
ഈ സ്മാരകങ്ങള്‍ കേരളത്തിന്റെ പ്രാചീനചരിത്രത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് മനസിലാക്കുമ്പോഴേ, മുനിയറ സംരക്ഷിക്കപെടേണ്ട ആവശ്യകത മനസിലാകു. മറയൂരിനും അവിടത്തെ മുനിയറയ്ക്കും പറയാന്‍ ശിലായുഗത്തിലെ കഥകളുണ്ട്. ക്രിസ്തുവിന് 10,000 വര്‍ഷം മുമ്പുള്ള ചരിത്രമാണിത്.സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പ്രഖ്യാപനമുണ്ടായിട്ടും, ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടും മറയൂരിലെ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല എന്ന ഖേദകരമായ വസ്തുതയ്ക്ക് തെളിവാണ് മുനിയറകള്‍ നേരിടുന്ന ഈ ദുര്‍വിധി
















