തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയ്നിയുടെ മരണത്തിൽ അന്വേഷണത്തിന് നിർദേശം. വനിതാ ബെറ്റാലിയന്‍ കമാന്‍ഡിനാണ് അന്വേഷണ ചുമതല. ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ഡിഐജി അരുൾ ബി കൃഷ്ണയ്ക്കാണ് മേൽനോട്ടച്ചുമതല. ഇന്നലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദ് എന്ന ട്രെയിനി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ്എപി ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ഇന്നലെയാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ആനന്ദിന്റെ മരണത്തിൽ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തിൽ പെട്ടയാളാണ് മരിച്ച ആനന്ദ്. ആനന്ദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സഹോദരൻ ആരോപിച്ചു. ജാതി പറഞ്ഞുകൊണ്ട് പല രീതിയിൽ ആനന്ദിനെ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞദിവസം ആനന്ദ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടുകൊണ്ട് ഒരാളെ ആനന്ദിന് കൂടെ നിർത്തി. എന്നാൽ ഇതിന് ശേഷവും പീഡനം നേരിട്ടു. ഇന്നലെ രാവിലെ ആയിരുന്നു ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
















