തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി വൈപ്പിൻ എംഎൽഎ കെ.എൻ.ഉണ്ണികൃഷ്ണൻ. തനിക്കെതിരെയുള്ള പ്രചാരണങ്ങൾ സിപിഎമ്മിന് ഉള്ളിൽനിന്നാണെന്ന് കരുതാനാകില്ലെന്നും ഇതിന് പിന്നിൽ കോൺഗ്രസ് രാഷ്ട്രീയമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രചാരണങ്ങൾ പാർട്ടിക്ക് അകത്തു നിന്നാണെന്ന ധാരണയില്ല. പാർട്ടിക്ക് അകത്ത് പ്രചാരണം ഉണ്ടായാൽ അത് കണ്ടെത്താൻ കഴിയും. തിരുത്താനും ആവശ്യമായ നടപടിയെടുക്കാനും കഴിയും. അതിനു മറ്റൊരു പാർട്ടിക്കും ഇല്ലാത്ത കർശനമായ സംവിധാനമുണ്ട്. പാർട്ടിക്ക് അകത്തെ ആളുകളെ സൃഷ്ടിയാണ് നിലവിലെ പ്രചാരണങ്ങളെന്നു കരുതുന്നില്ലെന്നു ഉണ്ണികൃഷ്ണൻ പറഞ്ഞു.
തനിക്കെതിരെയുള്ള അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ചത് പ്രാദേശിക കോൺഗ്രസ് പ്രവർത്തകനാണ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് വന്നിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. പിന്നീടാണ് ചില പ്രാദേശിക ഓൺലൈൻ മാധ്യമങ്ങൾ ഏറ്റെടുത്തത്. തന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് ആസൂത്രിതമായി പ്രചാരണം നടത്തി. രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്താനാണ് ഇങ്ങനെ ചെയ്തത്. ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ല. നാളെ ആർക്കെതിരെയും ഇത്തരം ആക്ഷേപം ഉണ്ടാകാം.
സൈബർ ആക്രമണത്തെ നിയമപരമായി നേരിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. അവർ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്നാണ് വിശ്വസിക്കുന്നത്. പ്രചാരണത്തിൽ പ്രതിപക്ഷ നേതാവിനു പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസ് ബന്ധമുള്ളവരും അല്ലാത്തവരും ഗൂഢാലോചനയിൽ ഉണ്ടാകാം. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കോൺഗ്രസ് പ്രവർത്തകനെ പ്രതിപക്ഷ നേതാവ് തള്ളിപ്പറയും എന്നാണ് പ്രതീക്ഷിക്കുന്നത്. തെറ്റായ പ്രവണതകളെ പ്രതിപക്ഷ നേതാവ് നിരുൽസാഹപ്പെടുത്തണം. സിപിഎം ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
















