വയനാട്: തരുവണ സർവീസ് സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടന്നതായി കണ്ടെത്തൽ. അസിസ്റ്റന്റ് രജിസ്ട്രാർ ജൂനിയർ രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിലാണ് സാമ്പത്തിക തിരിമറി കണ്ടെത്തിയത്. അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തിൽ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കൂടുതൽ തുക വന്നതായാണ് കണ്ടെത്തിയത്.
ജീവനക്കാർ അവർക്ക് അനുവദിച്ചിട്ടുള്ള ഇടപാടുകൾക്ക് പുറമെ കോടികണക്കിന് ഇടപാടുകളാണ് അവരുടെ അക്കൗണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ളത്. ബാങ്ക് സെക്രട്ടറി ആയിട്ടുള്ള വിജയേശ്വരി എന്നവരുടെ അക്കൗണ്ടിലേക്ക് 2014 മുതൽ 2023 വരെയുള്ള കാലയളവിൽ 2,41,75064 രൂപ വരവും 2,41,68692 രൂപ ചെലവും രേഖപ്പെടുത്തിയിരിക്കുന്നു. ശമ്പള തുക വരവ് വെച്ചതിന് പുറമെ നിരവധി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
അസിസ്റ്റന്റ് രജിസ്ട്രാറിന്റെ റിപ്പോർട്ടിന്റെ മേൽ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയതായി ജോയിന്റ് രജിസ്ട്രാറിന്റെ മറുപടി. വീട് പണിയുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും ഇടപാടുകൾ വന്നതുകൊണ്ടാണ് ഇത്രയധികം തുക അക്കൗണ്ടിൽ കാണിച്ചതെന്നും മൊഴിയിൽ പറയുന്നു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും വ്യക്തിപരമായ ഇടപാടുകൾ അല്ലാതെ യാതൊരു ഇടപാടും ജീവനക്കാരുടെ അക്കൗണ്ടിൽ ഉണ്ടാകരുതെന്നും ജോയിൻ രജിസ്റ്ററുടെ മറുപടിയിൽ പറയുന്നു.
















