അപകീര്‍ത്തിപ്പെടുത്തൽ കുറ്റകൃത്യമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചുവെന്ന് സുപ്രീം കോടതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (JNU) പ്രൊഫസർ ദി വയറിനെതിരെ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. ഡൽഹി ഹൈക്കോടതി ശരിവച്ച സമൻസിനെ ചോദ്യം ചെയ്തുകൊണ്ട് ദി വയർ സമർപ്പിച്ച ഹർജിയിലാണ് ഈ നിരീക്ഷണം ഉണ്ടായത്. 2016-ൽ ‘ദി വയർ’ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് കേസിനാധാരം. ‘ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി: വിഘടനവാദത്തിന്‍റെയും ഭീകരതയുടെയും കേന്ദ്രം’ എന്ന 200 പേജുള്ള രേഖ തയ്യാറാക്കിയതിൽ പ്രൊഫസർക്ക് പങ്കുണ്ടെന്നായിരുന്നു വാർത്ത. ലേഖനത്തിൽ JNU-വിനെ ‘സംഘടിത സെക്സ് റാക്കറ്റിന്‍റെ താവളം’ എന്നും വിശേഷിപ്പിച്ചിരുന്നു. ഈ വാർത്തയെ തുടർന്ന് പ്രൊഫസർ ദി വയറിനും അതിലെ റിപ്പോർട്ടർക്കുമെതിരെ ക്രിമിനൽ അപകീർത്തിപ്പെടുത്തൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസ് ഡൽഹി ഹൈക്കോടതി ശരിവെച്ചതിനെതിരെ ദി വയർ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് ജസ്റ്റിസ് എം എം സുന്ദരേഷ് ഈ പരാമർശം നടത്തിയത്.
“ഇതെല്ലാം കുറ്റകൃത്യമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചു” എന്ന് ജസ്റ്റിസ് എം എം സുന്ദരേഷ് നിരീക്ഷിച്ചു. ദി വയറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും കോടതിയുടെ ഈ നിരീക്ഷണത്തോട് യോജിച്ചു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 499-ന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 356 പ്രകാരം അപകീർത്തിപ്പെടുത്തൽ ഇപ്പോഴും ഇന്ത്യയിൽ ക്രിമിനൽ കുറ്റമായി തുടരുകയാണ്. 2016-ൽ സുബ്രഹ്മണ്യൻ സ്വാമി യൂണിയൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ നൽകിയ കേസിൽ ക്രിമിനൽ അപകീർത്തിപ്പെടുത്തലിന്റെ ഭരണഘടനാപരമായ സാധുത സുപ്രീം കോടതി ശരിവെച്ചിരുന്നു. ആർട്ടിക്കിൾ 19 പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള ന്യായമായ നിയന്ത്രണമായാണ് അന്ന് കോടതി ഇതിനെ കണ്ടത്. ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ ഭാഗമാണിതെന്നും കോടതി അന്ന് വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഈ വിധിയിൽനിന്നുള്ള മാറ്റമാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഈ പരാമർശം സൂചിപ്പിക്കുന്നത്.
STORY HIGHLIGHT : Supreme Court to reconsider making ‘defamation’ a criminal offense
















