വയനാട്: കൽപ്പറ്റ നെന്മേനിയിൽ ആദിവാസി വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടി ആണ് മരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുൻപ് എടുത്ത ബാങ്ക് വായ്പയുടെ പേരില്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. തിങ്കളാഴ്ച രാത്രിയിലാണ് ഇദ്ദേഹത്തെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തില്‍ ആണ് ശങ്കരന്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നോട്ടിസ് ലഭിച്ചതിന്റെ മനോവിഷമത്തിലായിരുന്നു ശങ്കരന്‍കുട്ടിയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 20 വര്‍ഷം മുൻപ് ശങ്കരന്‍കുട്ടി സുല്‍ത്താന്‍ ബത്തേരി ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 25,000 രൂപ വായ്പയെടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ പലിശ ഉള്‍പ്പടെ രണ്ട് ലക്ഷത്തിലധികം രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനുണ്ട്. ഇത് ചൂണ്ടിക്കാട്ടി ബാങ്ക് കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേതുടർന്ന് കോടതി ശങ്കരന്‍കുട്ടിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയക്കുകയും ചെയ്തു.
പിന്നാലെ താൻ നാടുവിടാൻ പോകുകയാണെന്ന് ശങ്കരൻകുട്ടി തന്നോട് പറഞ്ഞിരുന്നതായി മകൻ ബാബു പറഞ്ഞു. സംഭവസ്ഥലത്ത് അമ്പലവയൽ പോലീസ് എത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















