സഞ്ചാരികളുടെ പറുദീസയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. അതിശയകരമായ പ്രകൃതിദൃശ്യങ്ങളും സ്കീയിംഗ് പാതകളും, മനോഹരമായ നദികളും തടാകങ്ങളും, മനോഹരമായ ഗ്രാമങ്ങളും കൊണ്ട് സമ്പന്നമാണ് ഇവിടം. ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വിറ്റ്‌സര്‍ലന്‍ഡ് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ബജറ്റ് ഫ്രണ്ട്‌ലി ആയി ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് കാണാൻ പോയാലോ ? പച്ചപ്പ് നിറഞ്ഞ ഇവിടം നിങ്ങൾക്ക് മികച്ച അനുഭവം സമ്മാനിക്കും.
ഹിമാചല്‍ പ്രദേശിലെ ചംബ ജില്ലയിലെ ഖജ്ജിയാര്‍ ആണ് ഇന്ത്യയിലെ മിനി സ്വിറ്റ്‌സര്‍ലന്‍ഡായി അറിയപ്പെടുന്നത്. പൈന്‍ മരക്കാടുകളും ദേവദാരു മരങ്ങളും വിശാലമായ പുല്‍മേടുകളുമെല്ലാമുണ്ട് ഖജ്ജിയാറില്‍. സമുദ്ര നിരപ്പില്‍ നിന്നും 2,000 മീറ്റര്‍(ഏകദേശം 6,500 അടി) ഉയരത്തില്‍ ഹിമാലയ മലനിരകളുടെ ഭാഗമായാണ് ഈ മനോഹര പ്രദേശമുള്ളത്. താഴ്‌വരക്ക് പശ്ചാത്തലമാവുന്ന ദൗലന്ദര്‍ മലനിരകളുടെ ഗാംഭീര്യവും ഖജ്ജിയാറിന്റെ സൗന്ദര്യം എടുത്തുകാണിക്കുന്നു.
മിനി സ്വിറ്റ്‌സര്‍ലന്‍ഡ്
ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് ചാന്‍സറി മേധാവിയായിരുന്ന വില്ലി ബ്ലേസറാണ് ഖജ്ജിയാറിനെ മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നു വിളിച്ചത്. 1992 ജൂലൈ ഏഴിന് ഖാജ്ജിയര്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. വില്ലി ബ്ലേസറുടെ നിര്‍ദേശപ്രകാരം ഖജ്ജിയാറില്‍ നിന്നും സ്വിസ് തലസ്ഥാനമായ ബേണിലേക്കുള്ള ദൂരം സ്ഥാപിക്കുന്ന ബോര്‍ഡും ഇവിടെ സ്ഥാപിച്ചു. ഈ ബോര്‍ഡ് ഇന്നും ഖജ്ജിയാറില്‍ തലയുയര്‍ത്തി നില്‍പുണ്ട്. അന്ന് ഖജ്ജിയാറില്‍ നിന്നും ഒരു കല്ല് എടുത്ത് സ്വിസ് പാര്‍ലമെന്റിന് മുന്നില്‍ സ്ഥാപിക്കാനും വില്ലി ബ്ലേസര്‍ മറന്നില്ല.
∙എപ്പോള്‍ സന്ദര്‍ശിക്കാം?
പടിഞ്ഞാറന്‍ ഹിമാലയത്തിലുള്ള ഖജ്ജിയാര്‍ ദൗലന്ദര്‍ മലനിരകളുടെ ഭാഗമായുള്ള പ്രദേശമാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കാരണം ശൈത്യകാലത്ത് ഇവിടെ കടുത്ത തണുപ്പാണ് അനുഭവപ്പെടാറ്. സ്വിറ്റ്‌സര്‍ലന്‍ഡും ഖജ്ജിയാറും തമ്മിലുള്ള ബന്ധം ഉറപ്പിക്കാന്‍ ഈ കാലാവസ്ഥയും കാരണമായിട്ടുണ്ട്. തെളിഞ്ഞ ആകാശവും മനോഹരമായ കാലാവസ്ഥയും ഉറപ്പിക്കാന്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുമുള്ള കാലത്ത് ഖജ്ജിയാര്‍ സന്ദര്‍ശിക്കുന്നതാണ് ഉചിതം.
ഖജ്ജിയാര്‍ തടാകവും ഖാജി നാഗും
ഖജ്ജിയാറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഖജ്ജിയാര്‍ തടാകം. തടാകത്തിനു ചുറ്റുമുള്ള പച്ചപുല്‍മേട് കുട്ടികളേയും മുതിര്‍ന്നവരേയും ആകര്‍ഷിക്കും. സമുദ്ര നിരപ്പില്‍ നിന്നും 1,951 മീറ്റര്‍ ഉയരെയുള്ള ഈ തടാകത്തിനോടു ചേര്‍ന്നു തന്നെ ഖാജി നാഗ് എന്ന ക്ഷേത്രവുമുണ്ട്. ഗോള്‍ഡന്‍ ദേവി ടെംപിള്‍ എന്നും വിളിക്കുന്ന ഈ ക്ഷേത്രം 12ാം നൂറ്റാണ്ടില്‍ ചാമ്പയിലെ രാജാവായിരുന്ന പ്രീതി സിങ്ങാണ് പണികഴിപ്പിച്ചത്. ക്ഷേത്ര മണ്ഡപത്തില്‍ പാണ്ഡവരുടേയും കൗരവരുടേയും രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. നാഗ ദൈവങ്ങളും ശിവനുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകള്‍.
ഇതിനോടു ചേര്‍ന്നു തന്നെ വലിയൊരു ശിവ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. 85 അടി ഉയരമുള്ള ഈ വെങ്കല പ്രതിമയും സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. ഖജ്ജിയാര്‍ തടാകത്തിനോടു ചേര്‍ന്നുള്ള ജഗദംബ ക്ഷേത്രത്തിന്റെ പരിസരത്താണ് പ്രതിമയുള്ളത്. മനോഹരമായ ദേവദാരു മരങ്ങള്‍ക്കിടയിലാണ് ശിവ പ്രതിമ തലയുയര്‍ത്തി നില്‍ക്കുന്നത്.
കാലാടോപ് വന്യജീവി സങ്കേതം
ഖജ്ജിയാറിനും ഡല്‍ഹൗസിക്കുമിടയിലായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണിത്. പ്രകൃതി സ്‌നേഹികള്‍ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണിത്. ദേവദാരു, ഓക്ക് പൈന്‍ മരങ്ങളും നിറഞ്ഞ പ്രദേശമാണിത്. ഹിമാലയന്‍ കരടി, പറക്കും അണ്ണാന്‍, പുള്ളിപ്പുലി എന്നിവയെല്ലാം ഈ വന്യജീവി സങ്കേതത്തിലുണ്ട്. ഏതാണ്ട് 30 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ വന്യജീവി സങ്കേതമുള്ളത്. ഖജ്ജിയാറില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണിത്.
ദൈന്‍കുണ്ഡ് കൊടുമുടി
ഖജ്ജിയാറില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണിത്. ഡല്‍ഹൗസി മലകളിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ദൈന്‍കുണ്ഡ്. ‘സിങ്ങിങ് ഹില്‍’ എന്നൊരു വിളിപ്പേരും സമുദ്ര നിരപ്പില്‍ നിന്നും 2,775 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൈന്‍ കുണ്ഡിനുണ്ട്. മരങ്ങള്‍ക്കിടയിലൂടെ പാറകളെ തഴുകിക്കൊണ്ട് കടന്നു പോവുന്ന കാറ്റ് ഒരു പാട്ടുപോലെ തോന്നിപ്പിക്കുന്നതിനാലാണ് ഇങ്ങനെയൊരു പേരു വന്നത്. റോഡ് മാര്‍ഗമോ ട്രെക്കിങ് നടത്തിയോ ഇവിടേക്ക് എത്തിച്ചേരാനാകും. അതി മനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍.
സാഹസിക വിനോദങ്ങള്‍
ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ സീസണില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന നിരവധി സാഹസിക വിനോദങ്ങള്‍ ഇവിടെ നടക്കാറുണ്ട്. പാരാഗ്ലൈഡിങും ട്രെക്കിങും സോര്‍ബിങ്ങും കുതിര സവാരിയുമെല്ലാം സഞ്ചാരികളെ ആകര്‍ഷിക്കും. കുട്ടികള്‍ക്ക് അടക്കം പോകാവുന്ന വിധത്തിലുള്ള ട്രെക്കിങ് പാതകള്‍ ഇവിടെയുണ്ട്. താമസം
സ്വിറ്റ്‌സര്‍ലന്‍ഡിനോഡ് സാമ്യതയുള്ള ലോകത്തെ 160 സ്ഥലങ്ങളിലൊന്നായിട്ടാണ് ഖജ്ജിയാറിനെ കണക്കാക്കുന്നത്. ഇവിടെ ബജറ്റ് താമസത്തിന് ഹിമാചല്‍ ടൂറിസം വകുപ്പു തന്നെ ഹോട്ടലുകളും കോട്ടേജുകളും ഒരുക്കിയിട്ടുണ്ട്. ഖജ്ജിയാര്‍-ചമ്പ റോഡില്‍ നിരവധി താമസ സൗകര്യങ്ങളുണ്ട്. നിരവധി മിഡ് റേഞ്ച് റിസോര്‍ട്ടുകളും വനം വകുപ്പിന്റേയും പിഡബ്ല്യുഡിയുടേയും താമസ സൗകര്യങ്ങളും ഇവിടെയുണ്ട്.
















