അയ്യപ്പസംഗമത്തിൽ ജനപങ്കാളിത്തം കുറവാണെന്ന വിമർശനത്തിന് മറുപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് രംഗത്ത്. കേന്ദ്രതലത്തില്‍ ദേവസ്വം ബോർഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശം അപകടകരമാണെന്നും അയ്യപ്പസംഗമത്തിന്റെ ലക്ഷ്യം ആളുകളെ നിറയ്ക്കലായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോൺക്ലേവിൽ ഉദ്ഘാടന പരിപാടിയുടെ പ്രൗഢിയോട് കൂടി ബാക്കിയുള്ള സെഷനുകൾ നടക്കണമെന്നില്ല. അക്കാഡമിക് സെഷനുകളിൽ അതിനോട് താത്പര്യം ഉള്ളവരേ കാണൂ. ഒരേസമയത്ത് മൂന്ന് വേദികളിലായിരുന്നു സെഷൻ. ഉദ്ഘാടന സമ്മേളനവേദിപോലെ നിറഞ്ഞ രീതിയിൽ ആളുകൾ ഇല്ലായിരുന്നു എന്നത് പരമാർഥമാണ്. ആളുകളെ നിറയ്ക്കുക എന്നതല്ലല്ലോ ലക്ഷ്യം. പെരുന്നാട് പഞ്ചായത്ത് ഭരിക്കുന്നത് കേരളം ഭരിക്കുന്ന പാർട്ടിയല്ലേ. ആളെ നിറയ്ക്കണമെങ്കിൽ അവിടുത്തെ രണ്ട് വാർഡിലെ ആളുകൾ മതിയായിരുന്നല്ലോ. പ്രശാന്ത് പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞത് അപകടകരമായ പ്രസ്താവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 1242 ക്ഷേത്രങ്ങളുണ്ട്. അതിൽ അൻപതിൽ താഴെ ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തമായുള്ളത്. 40,000 കുടുംബങ്ങൾ സാമ്പത്തിക സുരക്ഷിതത്വ ബോധത്തോടെ കഴിഞ്ഞുപോകുന്നൊരു ആത്മീയ സ്ഥാപനമാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനോടൊപ്പം തന്നെ മറ്റ് ക്ഷേത്രങ്ങളും പൂട്ടിക്കുക എന്നതല്ലേ അദ്ദേഹത്തിൻ്റെ പ്രസ്താവന മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യം. അദ്ദേഹം ചോദിച്ചു.
STORY HIGHLIGHT: suresh gopi temple statement
















