ന്യൂഡല്‍ഹി: സൈന്യത്തിന്‍റെ ഭാഗമാകാൻ 97 തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ കൂടി. 62,370 കോടി രൂപയുടെ പ്രതിരോധ കരാറിൽ കേന്ദ്രസര്‍ക്കാര്‍ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി ഒപ്പിട്ടു. നാലാം തലമുറയില്‍പ്പെട്ട 68 സിംഗ്ൾ സീറ്റ് ഫൈറ്റർ എയർക്രാഫ്റ്റിനും 29 ട്വിൻ സീറ്റ് ട്രെയിനറുകൾക്കുമായാണ് കരാർ.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മിഗ്-21 വിമാനങ്ങള്‍ നിര്‍ത്തലാക്കാനിരിക്കെ വ്യോമസേനയുടെ ആധുനികവല്‍ക്കരണവും യുദ്ധശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ കരാറിൽ കേന്ദ്രം ഒപ്പുവെച്ചത്. 2027-28ൽ ആദ്യഘട്ട വിതരണം ആരംഭിക്കും. ആറുവർഷംകൊണ്ട് മുഴുവൻ വിമാനങ്ങളും എച്ച്.എ.എൽ ലഭ്യമാക്കണമെന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു.
അതേസമയം 2021ല്‍ 46,898 കോടി രൂപക്ക് ഓര്‍ഡര്‍ ചെയ്ത 83 വിമാനങ്ങളില്‍ ഒന്നുപോലും വ്യോമസേനക്ക് ഇതുവരെ കൈമാറിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2024 ഫെബ്രുവരി മുതല്‍ 2028 ഫെബ്രുവരി വരെ 83 വിമാനങ്ങള്‍ വ്യോമസേനയ്ക്ക് ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ അത് നടന്നിട്ടില്ല. ഇതിനിടെയാണ് കാബിനറ്റ് കമ്മിറ്റിയുടെ അനുമതിയോടെ 97 വിമാനങ്ങള്‍ക്കുള്ള പുതിയ കരാറിൽ ഒപ്പിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച യുദ്ധസാമഗ്രികൾക്കായുള്ള ഏറ്റവും വലിയ കരാറാണിത്. 83 വിമാനങ്ങളുടെ വിതരണം ആരംഭിക്കും മുമ്പ് പുതിയ കരാറിൽ ഒപ്പിടരുതെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, 83 വിമാനങ്ങളുടെ വിതരണം ഒക്ടോബറില്‍ ആരംഭിക്കാനാകുമെന്നാണ് എച്ച്.എ.എൽ അറിയിച്ചത്. യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്സില്‍നിന്നുള്ള ടര്‍ബോഫാന്‍ എൻജിനുകള്‍ ലഭിച്ചുതുടങ്ങി. നിലവില്‍ മൂന്ന് എൻജിനുകള്‍ എത്തിയിട്ടുണ്ട്, ഡിസംബറില്‍ ഏഴെണ്ണം കൂടി എത്തും.
ഓരോ വര്‍ഷവും 20 എൻജിനുകള്‍ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച്.എ.എൽ വ്യക്തമാക്കി. മിഗ് വിമാനങ്ങള്‍ പിന്‍വലിക്കുന്നതോടെ ഇന്ത്യയുടെ യുദ്ധവിമാന സ്‌ക്വാഡ്രണുകളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 29ലേക്ക് കുറയുമെന്നിരിക്കെയാണ് എച്ച്.എ.എല്ലിന്‍റെ മെല്ലെപ്പോക്ക് എന്നത് ശ്രദ്ധേയമാണ്.ഇന്ത്യയുമായി ഇടക്കിടെ സംഘർഷമുണ്ടാകുന്ന പാകിസ്താനും വ്യോമസേനയുടെ ശക്തി വര്‍ധിപ്പിക്കുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചൈനയില്‍നിന്ന് 40 ജെ-35എ യുദ്ധവിമാനങ്ങള്‍ ഉടന്‍ ലഭിക്കാനിരിക്കുന്ന പാകിസ്താന് നിലവില്‍ 25 സ്‌ക്വാഡ്രണുകള്‍ ഉണ്ട്. ഓപറേഷന്‍ സിന്ദൂറിനിടെ ചൈനീസ് നിര്‍മിത ജെ-10 വിമാനങ്ങളും പി.എൽ-15 വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും പാകിസ്താന്‍ ഉപയോഗിച്ചിരുന്നു. ചൈനയുടെ യുദ്ധവിമാനങ്ങളുടെയും ബോംബര്‍ വിമാനങ്ങളുടെയും എണ്ണം ഇന്ത്യയെക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. അതിർത്തിയിലെ ഭീഷണി നേരിടാന്‍ നിലവില്‍ അനുമതി ലഭിച്ച 42.5 സ്‌ക്വാഡ്രണുകളെക്കാള്‍ കൂടുതല്‍ ശേഷി വ്യോമസേനക്ക് വേണമെന്നാണ് സേനയുടെ ആഭ്യന്തര വിലയിരുത്തല്‍. വര്‍ഷംതോറും 40 വിമാനങ്ങളെങ്കിലും ലഭിക്കണമെന്നും സേന വിലയിരുത്തുന്നു.
















