ലഡാക്ക്: സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് അറസ്റ്റില്‍. ലഡാക്ക് പോലീസ് ആണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സോനം വാങ്ചുക്ക് നടത്തിയ പല പരാമര്‍ശങ്ങളും ലഡാക്കില്‍ സംഘര്‍ഷം ആളിക്കത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നേരത്തേ തന്നെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന ആരോപണവുമായി സോനം വാങ്ചുക്ക് രംഗത്തെത്തിയിരുന്നു. വിദേശത്തുനിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നും സിബിഐയുടെയും ഐടി വകുപ്പിന്റെയും നോട്ടീസ് ലഭിച്ചതായും സോനം വാങ്ചുക് പറഞ്ഞിരുന്നു. കുറ്റങ്ങളെല്ലാം തന്റെ മേല്‍ ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു
ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സോനം വാങ്ചുക്കിനെതിരെ നടപടി കടുപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതായിരുന്നു നടപടി. വിവിധ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ തുടര്‍ന്നാണ് നടപടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ചട്ടങ്ങള്‍ ലംഘിച്ച് വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി സോനത്തിനെതിരെ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു സന്നദ്ധ സംഘടയ്ക്കുള്ള വിദേശ ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
ബുധനാഴ്ചയായിരുന്നു ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്നാവശ്യപ്പെട്ട് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 50 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 50 പേരെ അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സ്റ്റാന്‍സിന്‍ സെവാങ്ങിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നേപ്പാളാക്കാന്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പ്രശ്നം പരിഹരിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചിരുന്നു.
















