റിയാദിൽ പുതിയ ഭവന നിർമാണ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ അഞ്ചു വർഷത്തേക്കു വാടക വർധിപ്പിക്കുന്നത് വിലക്കി സൗദി. വാടക വർധിച്ച സാഹചര്യത്തിൽ ഉണ്ടായിരുന്ന പരാതിയുടെ അടിസ്ഥനത്തിലാണ് ഈ നടപടി. വാടക വർധനയിൽ വലഞ്ഞ പ്രവാസികൾക്കുള്ള വലിയ ആശ്വാസ വാർത്തയാണ് ഈ പുതിയ പ്രഖ്യാപനം.
റിയാദിന്റെ പരിധിയിലുള്ള പുതിയതും നിലവിലുള്ളതുമായി കെട്ടിടങ്ങൾക്ക് നിയമം ബാധകമാണ്. ആവശ്യമെങ്കിൽ കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡവലപ്മെന്റ് അഫയേഴ്സിന്റെ അംഗീകാരത്തോടെ നിയമം മറ്റു നഗരങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കാൻ റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിക്ക് അനുമതി നൽകി. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ വാടക നിശ്ചയിക്കുമ്പോൾ പ്രദേശത്തെ ശരാശരിയെക്കാൾ കൂടാൻ പാടില്ല.
എല്ലാ വാടകക്കരാറുകളും ഇജാർ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്യണം. വാടകക്കാരൻ തുടരാൻ താൽപര്യം പ്രകടിപ്പിച്ചാൽ കെട്ടിട ഉടമ നിരസിക്കരുതെന്നും നിബന്ധനയിലുണ്ട്. എന്നാൽ വാടക നൽകാതിരിക്കുക, സുരക്ഷാപ്രശ്നമുണ്ടാവുക, മറ്റൊരാൾക്ക് താമസത്തിനു നൽകുക എന്നീ സന്ദർഭങ്ങളിൽ കരാർ റദ്ദാക്കാൻ കെട്ടിട ഉടമയ്ക്ക് അധികാരമുണ്ട്. നിയമം ലംഘിച്ച് വാടക വർധിപ്പിക്കുന്നത് കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കും. കുറ്റക്കാർക്ക് കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
STORY HIGHLIGHT: riyadh implements rent control
















