ന്യൂയോര്‍ക്ക്: പാകിസ്താന്‍ ഭീകരവാദത്തെ മഹത്വവത്കരിക്കുകയും വസ്തുതകളെ വളച്ചൊടിക്കുകയുമാണെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗഹ്ലോത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിന്‍ ലാദന് അഭയം നല്‍കുകയും ചെയത കാര്യവും ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ അസംബ്ലിയിൽ ഗഹ്ലോത്ത് ചൂണ്ടിക്കാട്ടി.
ഭീകരവാദമെന്നത് പാകിസ്താന്റെ വിദേശനയത്തിന്റെ കേന്ദ്ര ബിന്ദുവാണെന്നും അവർ പറഞ്ഞു. റെസിസ്റ്റന്റ് ഫ്രണ്ടിനെ കഴിഞ്ഞ ഏപ്രിലില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്താന്‍ സംരക്ഷിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാകിസ്താന്‍. ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പങ്കാളികളാണെന്നത് നാട്യം മാത്രമാണെന്നും ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യമാണെന്നത് ഓര്‍ക്കണമെന്നും അവർ പറഞ്ഞു. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്ന് പാക് മന്ത്രിമാര്‍ തന്നെ മുന്‍പ് സമ്മതിച്ച കാര്യവും ഗഹ്ലോത്ത് ഓര്‍മിപ്പിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഗഹ്ലോത്ത് പരാമര്‍ശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തത് ഈ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ എന്തെന്ന് മനസ്സിലാക്കിത്തരുന്നതാണ്. മേയ് ഒന്‍പത് വരെ ഇന്ത്യക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് പാകിസ്താന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മേയ് 10-ന് പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിക്കുകയായിരുന്നെന്നും ഗഹ്ലോത്ത് പറഞ്ഞു.
















