തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അതിൽ കോൺഗ്രസിന് ആശങ്കയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ്. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്, അത് അവരുടെ ഇഷ്ടമാണ്. മുൻപ് എസ്എൻഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാട് എടുത്തിരുന്നു. ഇപ്പോൾ അവർ അത് മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാം, സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നിലപാടുകളിലെ വൈരുദ്ധ്യത്തെയും സതീശൻ രൂക്ഷമായി വിമർശിച്ചു. ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎം ഇപ്പോൾ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആൾദൈവങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന സിപിഎം, ഇപ്പോൾ അമൃതാനന്ദമയിയെ ആദരിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്നത് അവരുടെ കപടഭക്തിയാണ് വ്യക്തമാക്കുന്നതെന്നും സതീശൻ പറഞ്ഞു. അമൃതാനന്ദമയിയുടെ അടുത്ത് പോയതിൽ ഞങ്ങൾക്ക് പരാതിയില്ല, എന്നാൽ ‘അയ്യപ്പ സംഗമം’ പോലുള്ള പരിപാടികളിലെ കപടഭക്തിയെ ഞങ്ങൾ പിന്തുണയ്ക്കില്ല. ആ പരിപാടി ഏഴുനിലയിൽ പൊട്ടിപ്പോയി, അദ്ദേഹം പറഞ്ഞു.യോഗി ആദിത്യനാഥിൻ്റെ സന്ദേശം വായിച്ചപ്പോൾ മന്ത്രിമാർ പുളകിതരായെന്നും ഇത് പിണറായി വിജയനും യോഗിയും തമ്മിലുള്ള കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. വിദ്വേഷ പ്രസംഗം നടത്തുന്നവരെ വേദിയിലിരുത്തി പരിഹാസ്യരാവുന്ന പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നത് വലിയ ആശ്വാസമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
















