ഡൽഹി: സോനം വാങ്ചുക്കിന്‍റെ അറസ്റ്റിൽ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്‍റെ പ്രസംഗങ്ങൾ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി പറഞ്ഞു. വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.
പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. സമാധാന ചർച്ചകൾക്ക് വാങ്ചുക്ക് തുരങ്കം വെച്ചു. വാങ്ചുക്കിന്‍റെ സ്ഥാപനത്തിന്‍റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസൻസ് റദ്ദാക്കിയത്.അതേസമയം, ലഡാക്കിൽ പ്രതിഷേധിക്കുന്ന സംഘടനകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് സോനം വാങ് ചുക്കിനെ പാര്‍പ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ ജോധ് പൂര്‍ ജയില്‍ പരിസരത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. ഐക്യദാര്‍ഡ്യമറിയിച്ച് ലഡാക്കില്‍ നിന്നടക്കം ആളുകള്‍ ജയില്‍ പരിസരത്തേക്ക് എത്തി തുടങ്ങി. സംസ്ഥാനപദവി, സ്വയം ഭരണാവകാശം എന്നീ രണ്ട് കാര്യങ്ങളില്‍ കേന്ദ്രം ഉടന്‍ തീരുമാനമെടുക്കണമെന്നാണ് ലഡാക്കില്‍ പ്രതിഷേധിക്കുന്നവരുടെ അടിയന്തര ആവശ്യം.
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കാന്‍ പാര്‍ലമെന്‍റില്‍ ബില്ല് എത്തിച്ച് പാസാക്കിയെടുത്താല്‍ മതി. പ്രതിപക്ഷവും ആ ആവശ്യത്തെ പിന്തുണക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക തടസങ്ങളൊന്നും സര്‍ക്കാരിന് മുന്നിലില്ല. എന്നാല്‍, 6ാം ഷെഡ്യൂള്‍ പ്രകാരം സ്വയംഭരണാവകാശം നല്‍കാന്‍ കേന്ദ്രത്തിന് ഒരു താല്‍പര്യവുമില്ല. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്കില്‍ ജില്ലാ കൗണ്‍സിലുകള്‍ക്കടക്കം സ്വയം ഭരണാവകാശം നല്‍കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇത്രയും തന്ത്രപ്രധാന മേഖലയില്‍ ഇടപെടാനുള്ള പൂര്‍ണ്ണാധികാരം വേണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതുകൊണ്ട് പിന്നാക്ക സംവരണത്തിലടക്കം പരിധി ഉയര്‍ത്താനും യുവാക്കളുടെ രോഷം ശമിപ്പിക്കാന്‍ സര്‍ക്കാര്‍ ജോലിയില്‍ തസ്തികകള്‍ കൂട്ടാനും കേന്ദ്രം തയ്യാറായേക്കും.
എന്നാല്‍, ആ ഫോര്‍മുല ലഡാക്കിലെ സംഘടനകള്‍ അംഗീക്കാന്‍ സാധ്യത കുറവാണ്. പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി വെച്ച് അടുത്തയാഴ്ചയോടെ വിശാല ചര്‍ച്ചയിലേക്ക് കടക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. അതേസമയം, സോനം വാങ്ചുക്കിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് ലഡാക്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. റാലികളും, പ്രതിഷേധ പ്രകടനങ്ങളും ഒരറിയിപ്പുണ്ടാകും വരെ നിരോധിച്ചു. ഇന്‍റര്‍നെറ്റ് നിരോധനവും നീട്ടും. എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ ഭയക്കുന്നതിന്‍റെ തെളിവാണ് വാങ് ചുക്കിന്‍റ അറസ്റ്റെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. സോനം വാങ്ചുക്കിന്‍റെ അറസ്റ്റിന് പിന്നാലെ രാഹുല്‍ അമേരിക്കയിലേക്ക് പോയത് ഇന്ത്യക്കെതിരെ വികാരം രൂപപ്പെടുത്താനാണെന്നാണ് ബിജെപിയുടെ ആക്ഷേപം. ലഡാക്കിലെ കലാപത്തിന് പിന്നിലും രാഹുല്‍ ഗാന്ധിക്ക് പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
















