വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യത്തെ സുപ്രധാന ഹൈവേകളിലൊന്നായ എമറേറ്റ്സ് റോഡിന്റെ വിപുലീകരണം ആരംഭിച്ചതായി അറിയിച്ച് ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം. രണ്ടു വർഷത്തിനകം പൂർത്തിയാക്കുന്ന ഈ പദ്ധതി ലക്ഷ്യം വെക്കുന്നത് ഗതാഗത കുരുക്ക് ഇല്ലാതാക്കുക എന്നതാണ്. ഇതിലൂടെ തിരക്കേറിയ പാതയിലെ യാത്ര സമയം 45 ശതമാനം കുറയ്ക്കാനാകും.
റാസൽഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ വഴി ദുബൈയിലേക്കും തിരിച്ചുമുള്ള യാത്രയാണ് എളുപ്പമാവുക. ഷാർജയിലെ അൽ ബദീഅ് ഇന്റർചേഞ്ച് മുതൽ ഉമ്മുൽഖുവൈൻ വരെയാണ് വിപുലീകരണം നടപ്പിലാക്കുന്നത്. വിപുലീകരണം പൂർത്തിയാകുന്നതോടെ റോഡിന്റെ ശേഷി മണിക്കൂറിൽ 9000 വാഹനങ്ങളായി വർധിക്കും. 75കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 25 കി.മീറ്റർ നീളത്തിൽ രണ്ട് ഭാഗത്തേക്കും റോഡിന്റെ ലൈനുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചിലേക്ക് വർധിപ്പിക്കും.
രാജ്യത്തെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഫെഡറൽ റോഡുകളിലൊന്നായ എമിറേറ്റ്സ് റോഡിലെ ഗതാഗതക്കുരുക്ക് കുറയുകയും യാത്ര എളുപ്പമാക്കുകയും ചെയ്യുന്നതാണ് ഈ പദ്ധതിയെന്നും അതോടൊപ്പം ഗതാഗതക്കുരുക്കുകൾ കാരണമായുണ്ടാകുന്ന പാരിസ്ഥിതിക മലിനീകരണം കുറയാനും നവീകരണം സഹായിക്കും. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം വ്യക്തമാക്കി.
STORY HIGHLIGHT: expansion begins on emirates road
















