പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുന്നവരാണോ നിങ്ങൾ? ശരീരത്തിലെ ഊർജ്ജ നിലയിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് പല ആളുകൾക്കും ഇത്തരത്തിൽ ഉറക്കം വരുന്നതും ക്ഷീണം അനുഭവപ്പെടുന്നതും. ഇത് നിങ്ങളുടെ ജോലിയെ തടസപ്പെടുത്താൻ ഇടയാക്കും. ഇത്തരം അവസ്ഥയെ ഹൈപ്പർസോമ്നിയ എന്നാണ് ആരോഗ്യ വിദഗ്ധർ വിളിക്കുന്നത്. ഇതിനെപ്പറ്റി വിശദമായി നോക്കിയാലോ?
എന്താണ് ഹൈപ്പർസോമ്നിയ ?
പകൽ സമയങ്ങളിൽ അമിതമായി ഉറക്കം തോന്നിപ്പിക്കുന്ന അവസ്ഥയെയാണ് ഹൈപ്പർസോമ്നിയ എന്ന് പറയുന്നത്. രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിച്ചാലും ഹൈപ്പർസോമ്നിയ വരാനുള്ള സാദ്ധ്യതയുണ്ട്. ക്ഷീണിതനാണെന്ന തോന്നലാണ് ഇതിന് പിന്നിൽ. ഉറക്കം വരുന്നയാൾക്ക് അത് നിയന്ത്രിക്കാൻ കഴിയില്ല. നമുക്ക് ആഗ്രഹമില്ലെങ്കിൽപ്പോലും പകൽ സമയത്ത് നാം അറിയാതെ ഉറങ്ങിപ്പോകും. നാർക്കോലെപ്‌സി, സ്ലീപ് അപ്നിയ, ബൈപോളാർ ഡിസോർഡർ, വിഷാദം എന്നിങ്ങനെ ഹൈപ്പർസോമ്നിയയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. ചില മരുന്നുകളുടെ ഡോസ് കൂടുകയോ അമിതമായ മയക്കുമരുന്ന് ഉപഭോഗമോ ഈ അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ ദിവസം മുഴുവൻ ഉണർവോടെ ശ്രദ്ധ നിലനിർത്താൻ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ പരിചയപ്പെടാം.
1. മിതമായ കഫീൻ ഉപഭോഗം
കാപ്പി, ചായ, സോഡ പോലുള്ള പാനീയങ്ങൾ നിങ്ങളെ ഉണർന്നിരിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി ചായയോ കോഫിയോ കുടിക്കുന്നത് രാത്രി ഉറക്കത്തെ ബാധിക്കും. അതിനാൽ വൈകുന്നേരങ്ങളിൽ കഫീൻ കഴിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടത് പ്രധാനമാണ്.
2. ആരോഗ്യകരമായ ലഘുഭക്ഷണം
പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ ഉണർവ് നൽകുമെങ്കിലും അവ പലപ്പോഴും ശക്തി ചോർത്തിക്കളയുന്നതിലേക്കും നയിക്കാറുണ്ട്. തൈര്, നട്സ്, നിലക്കടല വെണ്ണ, ധാന്യങ്ങൾ എന്നിവ പോലുള്ള നാരുകളും പ്രോട്ടീനും അടങ്ങിയ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
3. ഉറക്കത്തിനുള്ള സമയക്രമം മെച്ചപ്പെടുത്തുക
പകൽ ഉറക്കം ഒഴിവാക്കുന്നതിനായി, നിങ്ങളുടെ ദിനചര്യ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങാനും ഉണരാനും പരിശീലിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുകയും മികച്ച ഉറക്കം കിട്ടുന്നതിനും സഹായിക്കും. ശാന്തമായൊരു ചുറ്റുപാട് സൃഷ്ടിക്കുന്നതിന് കിടപ്പുമുറിയിൽ നിന്ന് ടിവി, ഫോൺ തുടങ്ങിയ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക.
4. ചെറിയ മയക്കം
പകൽ സമയത്ത് ഏകദേശം 10-20 മിനിട്ട് ചെറുതായൊന്ന് മയങ്ങുന്നത് ഉണർവ് വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ കൂടുതൽ നേരം ഉറങ്ങുന്നത് രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഉച്ചമയക്കം ഉണ്ടെങ്കിലും രാത്രിയിൽ ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നത് ഉറപ്പാക്കണം.
5.ശാരീരിക പ്രവർത്തനങ്ങൾ
ജിമ്മിൽ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നില്ലെങ്കിൽ, 15 മിനിറ്റ് നടക്കുകയോ യോഗ പരിശീലിക്കുകയോ ചെയ്യുക, ഇത് അലസത കുറയ്ക്കാൻ സഹായിക്കും.
















