തലയറുക്കപ്പെട്ടിട്ടും ഒന്നരവർഷം ജീവിച്ച അത്ഭുത കോഴിയെ നിങ്ങൾക്ക് അറിയാമോ ?. 80 വർഷം മുൻപ് യുഎസിലെ കൊളറാഡോയിലുള്ള ഒരു കർഷകൻ തന്റെ വീട്ടിൽ വളർത്തിയിരുന്ന ഒരു കോഴിയെ കൊന്നു പാചകം ചെയ്യാൻ ഒരുങ്ങുകയായിരുന്നു. ഇതിനായി കോടാലികൊണ്ട് കോഴിയുടെ തല വെട്ടുകയും ചെയ്തു . എന്നാൽ പിന്നീടാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന സംഭവം ഉണ്ടായത്.
ആ കോഴി ചത്തില്ല. തലയില്ലാത്ത ആ അദ്ഭുതക്കോഴി പിന്നെയും ഒന്നരവർഷം ജീവിച്ചു. മൈക്ക് എന്നു പേരിട്ട ആ കോഴി ലോകപ്രശസ്തനാകുകയും ചെയ്തു. കൊളറാഡോയിലെ ലോയ്ഡ് ഓൾസൻ എന്ന കർഷകന്റെ ഫാമിലാണ് മൈക്ക് ജീവിച്ചിരുന്നത്. തലമുറിഞ്ഞുപോയെങ്കിലും കോഴി അവിടെയവിടെയെല്ലാം ഓടി നടന്നു. പിറ്റേദിവസവും മൈക്ക് ചത്തില്ല. അതോടെ തന്റെ മുന്നിലിരിക്കുന്നത് ഇതുവരെ കേട്ടുകേൾവി പോലുമില്ലാത്ത ഒരു അദ്ഭുതമാണെന്നു ലോയ്ഡ് മനസ്സിലാക്കി.
പൊൻമുട്ടയിടുന്ന താറാവിനെപ്പോലെയായിരുന്നു പിന്നീട് ലോയ്ഡിന് തലയില്ലാത്ത മൈക്ക്. ഈ കോഴിയെ യുഎസിലെ എല്ലാ നഗരങ്ങളിലും കൊണ്ടുനടന്ന് മൈക്ക് പ്രദർശനം നടത്തി. അന്നത്തെ കാലത്ത് 25 സെന്റ് ഫീസ് നൽകി ഈ കോഴിയെ കാണാമായിരുന്നു. ഇന്നത്തെ മൂല്യംവച്ച് നോക്കിയാൽ ഏകദേശം 50 ലക്ഷത്തോളം രൂപ പ്രതിമാസം ലോയ്ഡ് മൈക്കിനെവച്ച് നേടി. പ്രശസ്തമായ ടൈം മാസികയുടെ കവർചിത്രമായും മൈക്ക് ഇടംപിടിച്ചു. വെട്ടേറ്റ് തലമുറിഞ്ഞു പോയെങ്കിലും തലച്ചോറിന്റെ ഒരുഭാഗം കഴുത്തിനു താഴെ സ്ഥിതി ചെയ്തതാണ് ഒന്നരവർഷത്തോളം വീണ്ടും ജീവിക്കാൻ മൈക്കിനെ അനുവദിച്ചത്. കഴുത്തിലെ അന്നനാളിയുടെ തുറസ്സ് വഴിയാണു ഈ കോഴിക്ക് ഭക്ഷണം നൽകിയിരുന്നത്. ഒരിക്കൽ ഭക്ഷണം ഈ നാളിയിൽ കുടുങ്ങിയതാണു മൈക്ക് ചത്തുപോകാൻ കാരണം.
















