സമുദ്രങ്ങളിൽ കാണപ്പെടുന്ന നീല നിറത്തിലുള്ള ഒരു കടൽ ജീവി ആണ് ബ്ലൂ സീ ഡ്രാഗൺ. കടലിലെ മനോഹരവും എന്നാൽ ഏറെ അപകടകാരികളുമായ ജീവികളിൽ ഒന്നാണ് ഇത്. അവയുടെ ശരീരത്തിൽ വിഷം ഉണ്ട് എന്നതാണ് ഈ ജീവിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇത് മറ്റു ജീവികൾ പോലെ മനുഷ്യനും ആപത്താണ്.
ലോകമെമ്പാടുമുള്ള ചൂടുള്ള സമുദ്രജലത്തിലൂടെ ഇവ ഒഴുകി നടക്കാറുണ്ട്. എന്നാൽ സാധാരണയായി ആഴക്കടലിൽ കാണുന്ന ഇവ സമീപകാലത്തായി സ്പെയിനിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി എത്തിയിട്ടുണ്ട്. നീളമുള്ള ശരീരവും, നീലയും വെള്ളയും നിറങ്ങളോടുകൂടിയ ചിറകുകളും ഉള്ള ഇവയ്ക്ക് ഏകദേശം 3 സെന്റീമീറ്റർ വരെ നീളമുണ്ടാകും. കടൽത്തീരങ്ങളിൽ ഇവയെ കാണുമ്പോൾ കൗതുകം കാരണം പലരും തൊടാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇവയുടെ ശരീരത്തിൽ പ്രത്യേകിച്ചും ചിറകുകൾ പോലുള്ള ഭാഗങ്ങളിൽ വിഷം ശേഖരിക്കുന്നതിനുള്ള കോശങ്ങളുണ്ട്. സ്വന്തമായി വിഷം ഉൽപാദിപ്പിക്കാനുള്ള കഴിവില്ലെങ്കിലും ഇവയുടെ പ്രധാന ആഹാരം ‘പോർച്ചുഗീസ് മാൻ ഓഫ് വാർ’ എന്നറിയപ്പെടുന്ന അതിമാരകമായ വിഷമുള്ള ജെല്ലിഫിഷാണ്. ബ്ലൂ ഡ്രാഗണുകൾ ഈ ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോൾ അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു.
ഈ വിഷം അവയുടെ ചിറകുകളുടെ അറ്റത്ത് സൂക്ഷിക്കപ്പെടുന്നു. ഒരു ഇരയെ ആക്രമിക്കാനോ സ്വയം പ്രതിരോധിക്കാനോ വേണ്ടി ഈ വിഷം പുറത്തുവിടാൻ ഇവയ്ക്ക് കഴിവുണ്ട്.പോർച്ചുഗീസ് മാൻ ഓഫ് വാറിന്റെ വിഷം മനുഷ്യർക്ക് വളരെ അപകടകരമാണ്. അത് സ്പർശിച്ചാൽ കഠിനമായ വേദന, ചുവപ്പ് നിറം, വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ ഹൃദയാഘാതം പോലും സംഭവിക്കാം. ബ്ലൂ ഡ്രാഗൺ ഈ വിഷം അതിന്റെ ശരീരത്തിൽ സംഭരിക്കുന്നതിനാൽ ഇവയെ സ്പർശിക്കുന്നതും സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകും.
















