ദുബായ്: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ഏഷ്യാ കപ്പ് 2025 ഫൈനലിന് മുന്നോടിയായി ദുബായ് പോലീസ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പടക്കങ്ങള്‍, ലേസറുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, വിഷവസ്തുക്കള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡുകള്‍/റിഗുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍ എന്നിവയൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.
കശ്മീരിലെ പഹല്‍ഗാമില്‍ ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ദൂര്‍ ഓപ്പറേഷനിലൂടെ ഇന്ത്യനൽകിയ ശക്തമായ തിരിച്ചടിയുടെയും അതിനെ തുടര്‍ന്നുണ്ടായ അതിര്‍ത്തി സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ രണ്ടുതവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കളിക്കാരുടെയും കാണികളുടെയും സ്റ്റേഡിയത്തിന്റെയും സുരക്ഷ കണക്കിലെടുത്താണിത്.പോലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് നിയമനടപടികളിലേക്ക് നയിച്ചേക്കും. എല്ലാവരുടെയും സുരക്ഷയ്ക്ക് കളി കാണാന്‍ എത്തുന്നവരുടെ സഹകരണം അനിവാര്യമാണെന്ന് സംഘാടകര്‍ പറഞ്ഞു. മത്സരത്തിനായി ആരാധകരോട് നേരത്തെ തന്നെ സ്റ്റേഡിയത്തിലെത്താനും സുരക്ഷാ പരിശോധനകളുമായി സഹകരിക്കാനും അതുവഴി കാലതാമസം ഒഴിവാക്കാനും സംഘാടകര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
മത്സരം ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണമെന്നാണ് നിര്‍ദേശം. ഒരു ടിക്കറ്റിന് ഒരു തവണ മാത്രമേ പ്രവേശനം സാധ്യമാകൂ. പുറത്തുകടന്നാല്‍ പിന്നീട് തിരികെ പ്രവേശിക്കാന്‍ സാധിക്കില്ല. പടക്കങ്ങള്‍, ജ്വലിക്കുന്ന മറ്റ് വസ്തുക്കള്‍, ലേസറുകള്‍, കത്തുന്നതോ അപകടകരമോ ആയ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ആയുധങ്ങള്‍, വിഷവസ്തുക്കള്‍, റിമോട്ട് നിയന്ത്രിത ഉപകരണങ്ങള്‍, വലിയ കുടകള്‍, ക്യാമറ ട്രൈപോഡുകള്‍/റിഗുകള്‍, സെല്‍ഫി സ്റ്റിക്കുകള്‍ എന്നിവയൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല.സംഘാടകര്‍ അംഗീകരിക്കാത്ത ബാനറുകളോ പതാകകള്‍ അല്ലെങ്കില്‍ അടയാളങ്ങളോ കൊണ്ടുവരാന്‍ പാടില്ല. പൊതു സുരക്ഷയെ ബാധിക്കുന്നതോ, ക്രമസമാധാനം തടസപ്പെടുത്തുന്നതോ, വിദ്വേഷമോ വംശീയതയോ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഒരു പ്രവൃത്തിയും ചിഹ്നങ്ങളും അനുവദിക്കില്ല.പിച്ചില്‍ അതിക്രമിച്ചുകടക്കല്‍, നിരോധിത വസ്തുക്കള്‍ കൊണ്ടുപോകല്‍, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് 1.2 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപവരെ പിഴചുമത്തും. മൈതാനത്തേക്ക് ഏതെങ്കിലും വസ്തുക്കള്‍ എറിയുകയോ, അല്ലെങ്കില്‍ കളിക്കാര്‍ക്കുനേരേ വംശീയമോ അധിക്ഷേപകരമോ ആയ ഭാഷ ഉപയോഗിക്കുകയോ ചെയ്താല്‍ 2.41 ലക്ഷം മുതല്‍ 7.24 ലക്ഷം രൂപവരെയാകും പിഴ.
















