നടൻ ഷെയ്ൻ നിഗത്തെക്കുറിച്ച് നിർമ്മാതാവ് സന്തോഷ് ടി കുരുവിള പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഷെയ്ൻ നിഗം ഒരു ‘ഉഴപ്പനാണ്’ എന്നൊരു സംസാരം സിനിമാ ഇൻഡസ്ട്രിയിൽ വ്യാപകമായി കേട്ടിരുന്നു. എന്നാൽ, തന്റെ പുതിയ ചിത്രമായ ‘ബൾട്ടി’യുടെ സെറ്റിൽ ഏറ്റവും കൂടുതൽ മര്യാദയും സഹകരണവും കാണിച്ചത് ഷെയ്ൻ ആയിരുന്നുവെന്ന് സന്തോഷ് ടി കുരുവിള തുറന്നുപറഞ്ഞു.
‘ബൾട്ടി’ സിനിമയുടെ പ്രസ്സ് മീറ്റിനിടെയായിരുന്നു നിർമ്മാതാവിന്റെ ഈ പ്രതികരണം. ഇൻഡസ്ട്രിയിലെ പ്രചാരണങ്ങൾ കേട്ടെങ്കിലും, തന്റെ വീടിന് സമീപമായതുകൊണ്ട് തന്നെ ഷെയ്ൻ ഈ സിനിമയിൽ അഭിനയിക്കുന്നതിൽ തനിക്ക് ധൈര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെറ്റിലെ ഷെയ്‌നിന്റെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തി. “എന്റെ കൂടെ അഭിനയിച്ച എല്ലാ നടീനടന്മാരെക്കാളും മര്യാദ കാണിച്ചത് ഷെയ്ൻ നിഗം ആണ്. ഇത്രയും മര്യാദക്കാരനായ ഒരാളെപ്പറ്റിയാണോ ഇൻഡസ്ട്രിയിൽ ഇങ്ങനെ പറയുന്നത് എന്ന് ഞാൻ പലരോടും ചോദിച്ചു,” സന്തോഷ് ടി കുരുവിള വ്യക്തമാക്കി.
പ്രശസ്ത സംവിധായകൻ ജീത്തു ജോസഫും ഈ വിഷയത്തെക്കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഈ ഷെയ്‌നെപ്പറ്റിയാണോ ആളുകൾ ഇങ്ങനെ പറയുന്നത് എന്ന് ജീത്തുവും എന്നോട് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, സാറേ ഇതാണ് നമ്മുടെ നാട്,” നിർമ്മാതാവ് കൂട്ടിച്ചേർത്തു. പരസ്പര സഹകരണത്തിലൂടെയാണ് സിനിമാ ഇൻഡസ്ട്രി മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഷെയ്ൻ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം കഥയെഴുതി സംവിധാനം ചെയ്ത ‘ബൾട്ടി’ എന്ന സ്പോർട്സ് ആക്ഷൻ ചിത്രം മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ്ജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
കേരള-തമിഴ്നാട് അതിർത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ‘ബൾട്ടി’ കബഡി, സൗഹൃദം, പ്രണയം, സംഘർഷം എന്നിവയെല്ലാം ചർച്ച ചെയ്യുന്നു. മികച്ച മേക്കിങ് ക്വാളിറ്റിയും, കബഡി ചുവടുകൾ ഉൾപ്പെടുത്തിയുള്ള സംഘട്ടന രംഗങ്ങളും ചിത്രത്തിന് ഗംഭീര കാഴ്ച്ചാനുഭവം നൽകുന്നു.
ചിത്രത്തിൽ ഉദയൻ എന്ന നായക കഥാപാത്രമായി എത്തിയ ഷെയ്ൻ നിഗത്തിന്റെ ഇതുവരെ കാണാത്ത അഭിനയ ശൈലിക്ക് തിയേറ്ററുകളിൽ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
















