പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ ഇവരുടെ ഇടയിലേക്ക് സ്ഥാനമുറപ്പിച്ച മൂന്നാമനാണ് ഫാറ്റി ലിവര്‍ എന്ന വില്ലൻ. ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണിത്. ശ്രദ്ധിക്കാതെ പോകുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ലോകമെമ്പാടും നിശബ്ദമായി വർദ്ധിച്ചുവരികയാണ്. ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
വയറ്റിൽ ഭാരം അനുഭവപ്പെടുക, ക്ഷീണം, വലതു വാരിയെല്ലിനു കീഴിലുള്ള അസ്വസ്ഥത, ചർമ്മത്തിലെയും മുടിയിലെയും മാറ്റങ്ങൾ, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ആണ്. ഇങ്ങനെയുണ്ടാകുന്ന ഫാറ്റിലിവർ ലക്ഷങ്ങൾ വീട്ടിൽ തന്നെ മനസിലാക്കാൻ സാധിച്ചാൽ ഒഴിവാക്കാൻ സാധിക്കുന്നത് ഒരു വലിയ ആരോഗ്യ പ്രശ്നത്തെ തന്നെയാണ്. പതിവായി വ്യായാമം ചെയ്തും സംസ്കരിച്ച പഞ്ചസാര ഒഴിവാക്കിയും, ജീവിത ശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയും ഈ രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും.
പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ് ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്. എന്നാൽ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത് സര്‍വസാധാരണമാണ്. ഇതിനെ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്നാണ് പറയുന്നത്. വളരെ നിശ്ശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം കരളിന് കാര്യമായ തകരാറുകള്‍ വന്ന് തുടങ്ങുമ്പോള്‍ മാത്രമാണ് പ്രകടമാക്കുക. കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലൂടെയും, അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ചയാപചയ തകരാറുകള്‍ എന്നിവ കാരണവും ഈ രോഗം തലപൊക്കാം.

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ വീട്ടിൽ തന്നെ എങ്ങനെ കണ്ടെത്താം?
പലപ്പോഴും നിശബ്ദമായി വികസിക്കുന്ന ഫാറ്റി ലിവർ പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ കാണിക്കുന്നില്ല. എന്നാൽ കൃത്യമായി നിരീക്ഷിച്ചാൽ ഈ രോഗ ലക്ഷണങ്ങൾ അനായാസം കണ്ടെത്താം. സ്ഥിരമായ ക്ഷീണം, നേരിയ വയറുവേദന, വട്ടിൽ അനുഭവപ്പെടുന്ന ഭാരം, ദഹന പ്രശ്നങ്ങൾ എന്നിവ മനസ്സിലാക്കി എടുക്കുന്നത് സമയബന്ധിതമായ വൈദ്യസഹായം തേടാനും കൂടുതൽ കരൾ തകരാറുകൾ തടയാനും സഹായിക്കും.
- വയറ്റിൽ ഭാരം അനുഭവപ്പെടുക
ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷങ്ങളിലൊന്ന് വയറിന്റെ മധ്യഭാഗത്ത് ഭാരം അനുഭവപ്പെടുക എന്നതാണ്. ശരീരഭാരത്തിന് ആനുപാതികമല്ലാതെ ഉദര ഭാഗത്ത് മാത്രം ഭാരം കൂടുന്നു. കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. കരളിന് ശരീരത്തിലെത്തുന്ന കൊഴുപ്പ് കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോൾ ഇൻസുലിൻ പ്രവർത്തനം തകരാറിലാകും. ഇത് ശരീരത്തിലെ മെറ്റബോളിസത്തിന്‍റെ കേന്ദ്രമായതുകൊണ്ടു തന്നെ അമിതമായി ശരീരത്തിലെത്തുന്ന കൊഴുപ്പ് വയറിന്‍റെ ഭാഗത്താണ് അടിഞ്ഞു കൂടുക.
- സ്ഥിരമായ ക്ഷീണം
ഫാറ്റി ലിവറിന്‍റെ ആദ്യ ലക്ഷണം ക്ഷീണം ആണ്. കരളിൽ അമിതമായ കൊഴുപ്പ് സംസ്കരിക്കാതെ അടിഞ്ഞു കൂടുന്നത് ശരീരത്തിൽ ഊർജം എത്തിക്കാനുള്ള ശേഷിയെ ബാധിക്കും. ഇത് കടുത്ത ക്ഷീണത്തിന് കാരണമാകും. അതുകൊണ്ടാണ് അമിതമായ ക്ഷീണം അനുഭവപ്പെടുന്നത്.
- വാരിയെല്ലിന് വലത് ഭാഗത്ത് അസ്വസ്ഥത
വാരിയെല്ലിന് വലതു ഭാഗത്ത് താഴെ ആയാണ് കരൾ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കരൾ വീക്കമോ ഫാറ്റി ലിവറോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാവുകയാണെങ്കിൽ അവിടെ അസ്വസ്ഥതയും ചെറിയ വേദനയോ സമ്മർദ്ദമോ അനുഭവപ്പെടും.
- ചർമ്മത്തിലും മുടിയിലും ഉണ്ടാകുന്ന മാറ്റം
ഫാറ്റി ലിവർ ഉള്ളവരുടെ ചർമം വരളുകയും നിറം മങ്ങുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. ചർമത്തിലും കണ്ണുകളിലും മഞ്ഞ നിറം ഉണ്ടാകും. മുടി കൊഴിച്ചിലുണ്ടായേക്കും ടോക്സിനുകൾ ശരിയായി പുറന്തള്ളാൻ കഴിയാത്തതാണ് ചർമ്മത്തിൽ ഇങ്ങനെയുള്ള കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നത്.
- വിശപ്പില്ലായ്മ, ഓക്കാനം
വിശപ്പില്ലായ്മ, ഓക്കാനം എന്നിവയാണ് ഫാറ്റി ലിവർ ദഹനപ്രക്രിയിൽ കാണിക്കുന്ന മറ്റൊരു പ്രധാന ലക്ഷണം. ഇതിനെല്ലാം പരിഹാരമായി പോഷക സമ്പുഷ്ടമായ ആഹാരവും, വ്യാമവും 8 മുതൽ 9 മണിക്കൂർ വരെയുള്ള ഉറക്കവും ജീവിത ശൈലിയിലെ മാറ്റങ്ങളും രോഗാവസ്ഥയുടെ പരിഹാരമായി ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
STORY HIGHLIGHT: Early fatty liver warning signs you can detect at home
















