തൃശൂരിലെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തൻ്റെ രാജ്യസഭാ ശമ്പളത്തെയും പൊതുജനസേവനത്തെയും കുറിച്ചുള്ള തൻ്റെ പ്രസ്താവനയിലൂടെ വീണ്ടും വാർത്തകളിൽ നിറയുന്നു. തൻ്റെ ശമ്പളം ഒരിക്കലും താൻ തൊട്ടിട്ടില്ലെന്നും, അത് മുഴുവനും ജനങ്ങളുടെ കഞ്ഞി പാത്രത്തിൽ എത്തിയിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വേലായുധൻ ചേട്ടന് വീട് ലഭിച്ചതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
വീട് നന്നാക്കാനുള്ള അപേക്ഷയുമായി തന്നെ സമീപിച്ച വയോധികനായ വേലായുധൻ ചേട്ടനോട്, ‘അതെൻ്റെ ജോലിയല്ല’ എന്ന് പറഞ്ഞ് നിരാകരിച്ചുവെന്ന ആരോപണം സുരേഷ് ഗോപിക്ക് എതിരെ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് സി.പി.എം. ഇടപെട്ട് വേലായുധൻ ചേട്ടന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറി.
ഈ സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കവെയാണ്, താൻ ശമ്പളം ജനങ്ങൾക്കായി നൽകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. വേലായുധൻ ചേട്ടന് വീട് ലഭിച്ചത് തൊട്ടിപിരിവ് നടത്തിയിട്ടാണെന്നും, വീട് കിട്ടിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു. ഇത്തരം വിഷയങ്ങൾ ചൂണ്ടിക്കാട്ടി തന്നെ ദുർബലപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും, ഇനിയും വേലായുധൻ ചേട്ടൻമാരെ താൻ എതിരാളികളുടെ അടുത്തേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പൊതുപ്രവർത്തനത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും കഴിയില്ലെന്നും കൃത്യമായ ധാരണയുണ്ടെന്നും, നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ താൻ നൽകില്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെയും വ്യക്തമാക്കിയിരുന്നു.
















