ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവ് പൊലീസിന് മുന്നില്‍ കീഴടങ്ങും. പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രിന്റു അല്‍പസമയത്തിനുള്ളില്‍ ഹാജരാകുമെന്നാണ് വിവരം. ബിജെപി നേതാക്കളുടെ വസതികളിലും മറ്റും വ്യാപകമായ തിരച്ചിലാണ് പൊലീസ് പ്രിന്റിനു വേണ്ടി നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
പ്രിന്റുവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തത്. തുടര്‍ന്ന്, ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ടവര്‍ ലൊക്കേഷനുകള്‍ക്കെതിരെ പൊലീസിനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ബിജെപി നേതാക്കളുടെ വീടുകളുടെ പരിശോധന. എന്നാല്‍ നാക്കുപിഴയുടെ പേരില്‍ ബിജെപി നേതാക്കളെ വേട്ടയാടുകയാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. പൊലീസ് പരിശോധനയില്‍ പ്രതിഷേധിച്ച ബിജെപി നടത്തിയ മാര്‍ച്ചിനു നേരെ ജലപീരങ്കിയും പ്രയോഗിച്ചു.
STORY HIGHLIGHT : Printu Mahadev to surrender
















