ദുബായ് മിറാക്കിൾ ഗാർഡന്റെ 14-ാമത് സീസണ് തിങ്കളാഴ്ച തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പുഷ്പ ഉദ്യാനമാണിത്. ഇപ്പോഴിതാ യുഎഇയിലെ താമസക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സംഘാടകർ. എമിറേറ്റ്‌സ് ഐഡി ഉള്ളവർക്ക് ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന അറിയിപ്പ്. സാധാരണയായി വിനോദസഞ്ചാരികൾക്കും താമസക്കാരല്ലാത്തവർക്കും 105 ദിർഹം ആണ് പ്രവേശന നിരക്ക്. എന്നാൽ എമിറേറ്റ്‌സ് ഐഡി കാണിക്കുന്നവർക്ക് വെറും 73.5 ദിർഹം നൽകി ഈ മനോഹാരിത ആസ്വദിക്കാം.
കഴിഞ്ഞ സീസണെ അപേക്ഷിച്ച് കുട്ടികളുടെ ടിക്കറ്റ് നിരക്കിലും ഇത്തവണ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. 3 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശന നിരക്ക് കഴിഞ്ഞ വർഷത്തെ 85 ദിർഹമിൽ നിന്ന് 80 ദിർഹമായി കുറച്ചു. കൂടാതെ എമിറേറ്റ്‌സ് ഐഡി ഉള്ള കുട്ടികൾക്ക് ഇതിലും വലിയ ഇളവ് ലഭിക്കും.
അൽ ബർഷ സൗത്ത് 3ൽ സ്ഥിതി ചെയ്യുന്ന ദുബായ് മിറാക്കിൾ ഗാർഡൻ എല്ലാ സീസണിലും 150 ദശലക്ഷത്തിലേറെ പുഷ്പങ്ങളും 50 ഫ്ലോറൽ ഡിസ്‌പ്ലേകളും ഉൾക്കൊള്ളുന്നു. രാവിലെ 9 മുതൽ രാത്രി 11 വരെയാണ് പ്രവേശന അവസരം ഒരുക്കിയിരിക്കുന്നത്. കൂടാതെ വാരാന്ത്യങ്ങളിൽ രാവിലെ 9 മുതൽ അർധരാത്രി 12 വരെയും അവസരം ഒരുക്കിയിട്ടുണ്ട്.
സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനായി തങ്ങളുടെ ജന്മദിനത്തിൽ മിറാക്കിൾ ഗാർഡൻ സന്ദർശിക്കുന്നവർക്ക് പാസ്‌പോർട്ടോ ഐഡിയോ ഉപയോഗിച്ച് തെളിയിച്ചാൽ സൗജന്യമായി പ്രവേശിക്കാം. കൂടാതെ ഗാർഡനിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ഒരു പ്രഫഷണൽ ഫോട്ടോ സൗജന്യമായി പ്രിന്റ് ചെയ്ത് നൽകും. ധാരാളം ആളുകളെ ആകർഷിക്കാനുള്ള അവസരമാണ് ഇപ്പോൾ സംഘാടകർ ഇതിലൂടെ അവതരിപ്പിക്കുന്നത്.
ഒട്ടേറെ ഗിന്നസ് ലോക റെക്കോഡുകൾ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമാണ് മിറാക്കിൾ ഗാർഡൻ. 2013-ലാണ് മിറാക്കിൾ ഗാർഡൻ ആദ്യമായി അദ്ഭുതങ്ങളുമായി തുറക്കുന്നത്. പിന്നീട് മേഖലയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുകയായിരുന്നു.
STORY HIGHLIGHT: dubai miracle garden reopens
















