അബുദാബി സ്കൂളുകളിൽ അധ്യാപകരുടെ ധാർമിക നിലവാരം ഉറപ്പാക്കാൻ പുതിയ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചു. വിദ്യാർഥികളെയും സഹപ്രവർത്തകരെയും പൊതുസമൂഹത്തെയും സംരക്ഷിക്കുന്നത്തിനായും ബഹുമാനം, സമഗ്രത, തൊഴിൽപരമായ മികവ് എന്നിവ ഉറപ്പുവരുത്തുന്നതിനുമാണ് പെരുമാറ്റച്ചട്ടം നിലവിൽ കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ പുതിയ ചട്ടം ലംഘിക്കുന്നവർക്ക് കടുത്ത നിയമപരവും ഭരണപരവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മതം, വംശം, ഉത്ഭവം, സാമൂഹിക പദവി, പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും ഉപദ്രവിക്കലും നിരോധിച്ചു, ഗർഭിണികളോടും നവജാതശിശുക്കളുടെ അമ്മമാരായ ജീവനക്കാരോടും കാണിക്കുന്ന വിവേചനം, തീവ്രവാദം, വംശീയത, വർഗീയത, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രോത്സാഹനം തടയുക, സ്കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമായ മാന്യമല്ലാത്ത വസ്ത്രധാരണം അനുവദനീയമല്ല, സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, കിംവദന്തികൾ പ്രചരിപ്പിച്ച് അവരുടെ സൽപ്പേര് കളങ്കപ്പെടുത്തുക, ജോലി സംബന്ധമായ വിവരങ്ങളിൽ നിന്ന് മനഃപൂർവം ഒഴിവാക്കുക എന്നിവ വിലക്കിയിട്ടുണ്ട്, രഹസ്യവിവരം ചോർത്തൽ കുറ്റകരമാണ്, വിദ്യാഭ്യാസ യോഗ്യതകളോ തൊഴിൽ പരിചയമോ വ്യാജമായി കാണിക്കുകയോ വളച്ചൊടിക്കുകയോ ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. ഇയായൊക്കെയാണ് നിരോധിച്ച പ്രധാന പെരുമാറ്റങ്ങൾ.
സ്കൂളുകളും ഈ ധാർമിക നിലവാരം ക്ലാസ് മുറികളിലും മറ്റ് ഇടപെടലുകളിലും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അധ്യാപക നിയമനം മുതൽ തന്നെ ഈ ധാർമിക നിലവാരം പരിശോധിക്കുന്നുണ്ട്. വർഷാവസാനമുള്ള ഓറിയന്റേഷൻ ക്ലാസുകളിലും ഈ പെരുമാറ്റച്ചട്ടം ഉറപ്പിക്കുന്നുണ്ട്. എല്ലാ ജീവനക്കാരും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അഡെക്കിന്റെയും പെരുമാറ്റച്ചട്ടത്തിൽ ഒപ്പിട്ട് പാലിക്കുന്നുണ്ട്. ഗുരുതരമായ ലംഘനങ്ങൾ അഡെക്കിനെ അറിയിക്കുകയും ചെയ്യും. കൂടാതെ ഡിജിറ്റൽ സുരക്ഷ, പകർപ്പവകാശ ലംഘനം തടയൽ, സൈബർ ബുള്ളിയിങ് എന്നിവയിൽ ജീവനക്കാർക്ക് തുടർച്ചയായ പരിശീലനം നൽകുന്നുമുണ്ട്.
STORY HIGHLIGHT: abu dhabi introduces new ethics code
















