ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ് പ്രമേഹം. ഇന്ന് പ്രമേഹം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. രോഗിപോലും അറിയാതെ മെല്ലെമെല്ലെ കടന്നുവരുന്ന ഒരു രോഗം അതാണ് പ്രമേഹം. പ്രമേഹത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. എന്താണ് പ്രമേഹം, പ്രമേഹം എങ്ങനെ ഉണ്ടാവുന്നു എന്നുതുടങ്ങി പ്രതിരോധം, ചികിത്സ, മരുന്നുകൾ, സങ്കീർണതകൾ, ഭക്ഷണം ഉൾപ്പെടെ സകലകാര്യങ്ങളിലും അബദ്ധധാരണകളാണ് കൂടുതലും. പഞ്ചസാര കഴിക്കുന്നതുകൊണ്ടല്ല പ്രമേഹം വരുന്നത് എന്ന് മനസ്സിലാക്കുക. അറിയാം എന്താണ് പ്രമേഹമെന്നും പാലിക്കേണ്ടതും കഴിക്കേണ്ടതും എന്തൊക്കെയാണെന്ന്.

എന്താണ് പ്രമേഹം?
പ്രമേഹം (Diabetes) എന്ന് വിളിക്കപ്പെടുന്നത് രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) അളവ് സാധാരണ നിലയെക്കാൾ കൂടുതലാകുന്ന ഒരു രോഗാവസ്ഥയാണ്. ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കാത്തതോ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്തതോ ആണ് ഇതിന് പ്രധാന കാരണം. ഇൻസുലിൻ ശരിയായ രീതിയിൽ പ്രവർത്തിക്കാതിരുന്നാൽ ഭക്ഷണത്തിൽ നിന്നുള്ള ഗ്ലൂക്കോസ് ശരിയായ രീതിയിൽ കോശങ്ങളിൽ പ്രവേശിക്കാതെ രക്തത്തിൽ അടിഞ്ഞുകൂടും.

പ്രമേഹമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ തടയാൻ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ടു സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനം പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഭക്ഷണരീതി. പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർത്തുന്ന ഭക്ഷണങ്ങൾ ഒഴിവാക്കണം.
മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ, വെളുത്ത അരി, മൈദ, മിഠായി, കേക്ക്, കൂടുതലുള്ള ഉപ്പും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഒഴിവാക്കണം. കൂടാതെ പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്.
പ്രമേഹമുള്ളവർക്ക് ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ
ഭക്ഷണക്രമത്തിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്നു കൃത്യസമയം, മറ്റൊന്നു ഭക്ഷണത്തിന്റെ അളവ് . പ്രമേഹമുള്ളവർ അളവു നിയന്ത്രിച്ചു മൂന്നു നേരം ഭക്ഷണം കഴിക്കുകയും ഇടനേരത്ത് ലഘുഭക്ഷണം ഉൾപ്പെടുത്തുകയും വേണം.
മുഴുവൻ ധാന്യങ്ങൾ (ഗോതമ്പ്, റാഗി, ഓട്സ്, ബ്രൗൺ റൈസ്), ധാരാളം പച്ചക്കറികൾ, പയർവർഗങ്ങൾ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ, മത്സ്യം, കോഴി (വറുത്തതല്ലാതെ), നട്സ്, വിത്തുകൾ എന്നിവ പ്രമേഹമുള്ളവർക്ക് നല്ലതാണ്. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (Low GI) ഉള്ള പഴങ്ങൾ, ഉദാഹരണത്തിന്: ആപ്പിൾ, പേയർ, ഓറഞ്ച്, സ്റ്റ്രോബെറി, ഗുവാവ എന്നിവ നിയന്ത്രിത അളവിൽ കഴിക്കാം. പച്ചക്കറികൾ സാലഡായോ, സൂപ്പായോ ദിവസവും ഉൾപ്പെടുത്തുക. ഒരു പഴവർഗം ഇടനേരത്ത് ഉൾപ്പെടുത്തണം.
എന്തെല്ലാം ശ്രദ്ധിക്കാം?
പ്രമേഹമുള്ളവർ ഭക്ഷണക്രമം നിയന്ത്രിച്ച് വ്യായാമം പതിവാക്കണം. ശരീരഭാരം നിയന്ത്രണം, മതിയായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കൽ, സമയക്രമത്തിൽ മരുന്നോ ഇൻസുലിനോ കഴിക്കൽ, ഡോക്ടറുടെ നിരീക്ഷണത്തിൽ സ്ഥിരമായി ബ്ലഡ് ഷുഗർ പരിശോധിക്കൽ എന്നിവ ഏറെ പ്രാധാന്യമുള്ളതാണ്. പ്രമേഹം ഒരു ജീവിതശൈലീരോഗമായതിനാൽ, ശരിയായ ഭക്ഷണക്രമം, വ്യായാമം, മരുന്ന്, മാനസികശാന്തി എന്നിവ പാലിച്ചാൽ രോഗത്തെ നിയന്ത്രണത്തിലാക്കാം. ശരിയായ ജീവിതരീതിയാണ് പ്രമേഹരോഗിയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്നത്.
STORY HIGHLIGHT: how to control diabetes diabetic care
















