മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് വലിയൊരു സന്തോഷവാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ഹൈദരാബാദിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമ്മാനിച്ചിരുന്നത്. രോഗത്തെയും വേദനകളെയും തോൽപ്പിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് തിരക്കുകളിൽ സജീവമാവുകയാണ്. ആരോഗ്യ പ്രശ്നങ്ങളാൽ ചെറിയ ഇടവേള എടുത്തിരുന്ന താരത്തെ വലിയ ആവേശത്തോടെയാണ് അണിയറപ്രവർത്തകർ സ്വീകരിച്ചത്. എന്നാൽ അസുഖബാധിതനായിരുന്ന സമയത്ത് സ്നേഹവും പ്രാർത്ഥനയുമായി ഒപ്പം നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം മഹാനടൻ മമ്മൂട്ടി.
‘സ്നേഹത്തിന്‍റെ പ്രാർഥനകൾക്ക് ഫലം കിട്ടും. ഓർത്തവർക്കും സ്നേഹിച്ചവർക്കും നന്ദി.’ മമ്മൂട്ടി പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴു മാസമായി മലയാളികൾ കാണിച്ച സ്നേഹപ്രകടനങ്ങൾക്ക് അദ്ദേഹം കൈകൂപ്പി നന്ദി പറഞ്ഞു. മഹേഷ് നാരായണന്‍റെ പുതിയ സിനിമയുടെ ലോക്കേഷനിലേക്ക് പോകാൻ ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
കഴിഞ്ഞ ദിവസം വീണ്ടും സിനിമ ചിത്രീകരണത്തിലേക്ക് മടങ്ങുന്ന വിവരം മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നത്. ‘ഒരു ചെറിയ ഇടവേളക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ ഞാൻ വീണ്ടും ആഗ്രഹിക്കുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ച എല്ലാവർക്കും നന്ദി പറയാൻ വാക്കുകൾ മതിയാവുന്നില്ല. ക്യാമറ വിളിക്കുന്നു.’ എന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ്. ഭാര്യ സുൽഫത്തിനും സുഹൃത്തും നിർമാതാവുമായ ആന്‍റോ ജോസഫിനുമൊപ്പം സ്വയം കാറോടിച്ചാണ് മമ്മൂട്ടി വിമാനത്താവളത്തിൽ എത്തിയത്. മമ്മൂക്കയെ ഏറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടതിൻ്റെ ആവേശത്തിലാണ് ആരാധകരിപ്പോൾ.
STORY HIGHLIGHT: mammootty back with full energy
















