ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ വിവാദ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനം. ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ വിവാദവും അതേത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ദസറ, ദുര്‍ഗാ പൂജ ആഘോഷങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം. രാംലീല, രാവന്‍ ദഹന്‍ പരിപാടികള്‍ നടക്കുന്ന മൈതാനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് ഇന്ന് ഉച്ച മുതല്‍ ശനിയാഴ്ച ഉച്ച വരെ നിരോധനം ഏർപ്പെടുത്തിയത്.
‘ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ കിംവദന്തികള്‍ പ്രചരിക്കാനും വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. സമാധാനം നിലനിര്‍ത്താനാണ് ഇപ്പോഴത്തെ നടപടി’, ഇന്റര്‍നെറ്റ് നിരോധനത്തിന്റെ പ്രസ്താവനയില്‍ ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്കല്‍ പൊലീസിന് പിന്നാലെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റബുലറി, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ക്രമസമാധാനം നിരീക്ഷിക്കാന്‍ ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് സംഘര്‍ഷങ്ങള്‍ക്ക് ആസ്പദമായ സംഭവമുണ്ടാകുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി കാണ്‍പുരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ചിലരുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. ആഴ്ചകള്‍ക്കുശേഷം വാരാണസിയില്‍ ‘ഐ ലവ് മഹാദേവ്’ എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതോടെ ഭിന്നിപ്പ് രൂക്ഷമായി. തുടര്‍ന്ന് സെപ്റ്റംബര്‍ 26-ന് ബറേലിയില്‍ നടന്ന പ്രതിഷേധത്തില്‍ പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.
STORY HIGHLIGHT : bareilly internet shutdown mohammed poster row
















