ട്രാന്‍സ്ജെന്‍ഡര്‍ അടക്കമുള്ള ലിംഗ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണയ്ക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം. എല്‍ജിബിടിക്യുഐ അടക്കമുള്ള ലിംഗ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന, അമേരിക്ക ആസ്ഥാനമായ സ്ഥാപനങ്ങള്‍ക്കും വിദേശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരുകള്‍ക്കും നല്‍കുന്ന ഫെഡറല്‍ ഫണ്ടുകള്‍ നിര്‍ത്തലാക്കാനാണ് യുഎസ് തീരുമാനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രാന്‍സ്ജെഡറുകളെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ സ്ത്രീകള്‍ക്ക് ദോഷകരമാണെന്ന നിഗമനത്തിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സന്നദ്ധ സംഘടനകള്‍, വിദേശ സര്‍ക്കാരുകളുടെ പരിപാടികള്‍, ഐക്യരാഷ്ട്ര സഭയുടെ പദ്ധതികള്‍ എന്നിവയ്ക്കും ഈ നിരോധനം ബാധകമാകുമെന്ന് യുഎസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തും സ്വദേശത്തുമുള്ള യുഎസ് സഹായം സ്വീകരിക്കുന്ന എന്‍ജിഒകള്‍, അന്താരാഷ്ട്ര സംഘടനകള്‍, വിദേശ സര്‍ക്കാരുകള്‍ എന്നിവയ്ക്ക് ഗര്‍ഭച്ഛിദ്രം, ലിംഗരാഷ്ട്രീയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇതോടെ വിലക്കുണ്ടാകും. ഇക്കാര്യം സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചതായി ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍, എംഎസ്ഐ റീപ്രൊഡക്ടീവ് ചോയ്സസ് എന്നീ സംഘടനകള്‍ അറിയിച്ചു.
















