ആലപ്പുഴ: കാലിലെ മുറിവിന് ചികിത്സ തേടിയ സ്ത്രീയുടെ വിരലുകള്‍ മുറിച്ചുമാറ്റിയതായി പരാതി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.
കുത്തിയതോട് മുഖപ്പില്‍ സീനത്തിനാണ് (58) ദുരനുഭവം ഉണ്ടായത്. സീനത്തിന്റെ വലതുകാലിന്റെ തള്ളവിരലിനോടു ചേര്‍ന്നുള്ള രണ്ടുവിരലുകളാണ് മുറിച്ചുമാറ്റിയത്. സീനത്തിന്റെ മകന്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.
വലതുകാലിലെ വിരലുകള്‍ക്ക് മുറിവുണ്ടായതിനെത്തുടര്‍ന്ന് സെപ്തംബര്‍ 27 നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29 ന് ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. അടുത്ത ദിവസം പ്രധാന ഡോക്ടര്‍മാരെത്തി പരിശോധിച്ചപ്പോഴാണ് വിരലുകള്‍ മുറിച്ച കാര്യം ബന്ധുക്കള്‍ അറിയുന്നത്.
രോഗിയുടെയോ ബന്ധുക്കളുടെയോ അനുമതി തേടാതെ വിരലുകള്‍ മുറിച്ചുമാറ്റിയതായാണ് ആക്ഷേപം. സംഭവത്തില്‍ സിയാദ് ആശുപത്രി സൂപ്രണ്ടിനും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.
















