കുഞ്ഞുങ്ങള്‍ക്ക് ഡയപ്പര്‍ ഉപയോഗിക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ചും പുറത്ത് പോകുമ്പോഴും രാത്രി കാലങ്ങളിലും. ശ്രദ്ധിച്ചില്ലെങ്കില്‍ ഡയപ്പറിന്റെ സ്ഥിരമായ ഉപയോഗം കുഞ്ഞുങ്ങളുടെ മൃദുവായ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കും.
കുഞ്ഞിനെ ഒരു ഡയപ്പര്‍ ഇടീച്ചാല്‍ മൂത്രമാണെങ്കിലും മലമാണെങ്കിലും ഡയപ്പറിലെ സോഡിയം പോളിയക്രിലേറ്റ് എന്ന ഘടകം വലിച്ചെടുത്തോളും. ഡയപ്പറിട്ടാല്‍ എല്ലാം സ്വസ്ഥം എന്നാണ് ചിലരുടെ വിചാരം. എന്നാല്‍ പൊതുവെ അപകടകാരിയല്ലാത്ത ഡയപ്പറും അപകടകാരിയായേക്കാം.
മണിക്കൂറുകളോളം കുഞ്ഞിനെ ഒരേ ഡയപ്പര്‍ ഇടീക്കുന്നത് ആണ് പ്രധാന അപകടങ്ങളിലൊന്ന്. കുഞ്ഞുങ്ങള്‍ എല്ലായിപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഒരു പരിധി കഴിഞ്ഞാല്‍ ഡയപ്പറിന് ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവ് നഷ്ട്ടപ്പെടും.
നനയുന്ന ഡയപ്പര്‍ കുഞ്ഞിന്‍റെ ശരീരത്തില്‍ ഉരയുകയും കുഞ്ഞിന്‍റെ മൃദുലമായ തൊലിയില്‍ മുറിവുകള്‍ ഉണ്ടാവുകയും ചെയ്തേക്കാം. ഇത് കൂടാതെ നനവ് ഫംഗസും ബാക്റ്റീരിയയും വളരുന്നതിന് കാരണമാണ് ഇത് കുഞ്ഞിന് അപകടകരമായേക്കാനുള്ള സാധ്യത ഏറെയാണ്. യീസ്റ്റ്, സ്റ്റെഫ് ബാക്ടീരിയ എന്നിവ കുതിര്‍ന്ന ഡയപ്പറുകളില്‍ സ്ഥിരമായി കാണപ്പെടുന്ന സുക്ഷ്മജീവികളാണ്.
ഇവ ഈര്‍പ്പവും ചൂടും ഉള്ള പ്രതലങ്ങളിലാണ് വന്‍തോതില്‍ കാണപ്പെടാറുള്ളത്. ഇത് കൂടാതെ ചില ഭക്ഷണഘടകങ്ങള്‍ കുഞ്ഞിന്‍റെ ശരീരത്തിലെത്തി പിന്നീട് വിസര്‍ജ്യമായി ഡയപ്പറിലേക്കെത്തുമ്പോള്‍ ഇത് ഡയപ്പറിലെ രാസഘടകങ്ങളുമായി പ്രവര്‍ത്തിച്ച് കുഞ്ഞിന്‍റെ ശരീരത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം.
വളരെ അപൂര്‍വമായി ചില കുഞ്ഞുങ്ങളുടെ ത്വക്ക് സെന്‍സിറ്റീവ് (സൂക്ഷ്മ സംവേദനക്ഷമതയുള്ളത്) ആയിരിക്കും. ഇത്തരം ത്വക്ക് ഉള്ള കുഞ്ഞുങ്ങള്‍ക്ക് ഡയപ്പറിലെ ഘടകങ്ങള്‍ പ്രശ്നമായേക്കാം. ഡയപ്പറുകളിലെ പ്രധാന ഘടകമായ സോഡിയം പോളിഅക്രിലേറ്റ് ചില കുഞ്ഞുങ്ങളുടെ ത്വക്കിന് പ്രശ്നമായേക്കാം.
ചില ഡയപ്പറുകളില്‍ നിര്‍മാണഘട്ടത്തില്‍ ഉപയോഗിക്കുന്ന പോളിഅക്രിലിക് അരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണ്‍സ് വളര്‍ച്ചയ്ക്ക് പ്രശ്നമായേക്കാവുന്ന ഘടകങ്ങള്‍, പ്രതിരോധശേഷി കുറയ്ക്കുന്ന ഘടകങ്ങള്‍ എന്നിവയടക്കം കാന്‍സര്‍ പോലുള്ള ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
ചില ഡയപ്പറുകളില്‍ ലെഡ്, ചെമ്പ് എന്നീ ലോഹങ്ങളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട് ഇത് കൂടാതെ മനുഷ്യന് അളവില്‍ കവിഞ്ഞാല്‍ പ്രശ്നമായ ആര്‍സെനിക്കും ചില ഡയപ്പറുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ലോഹങ്ങളുടെ സാനിധ്യം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കും എന്നതില്‍ പഠനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇവയെല്ലാം കൂടാതെ ചില ഡയപ്പറുകളില്‍ ഉപയോഗിക്കുന്ന സുഗന്ധവസ്തുക്കളും നിറത്തിനായി ഉപയോഗിക്കുന്ന ചായങ്ങളും കുഞ്ഞുങ്ങള്‍ക്ക് അപകടകരമായേക്കാം.
ഇവയെല്ലാം കൂടാതെ കുഞ്ഞുങ്ങളെ കൃത്യമായ വിസര്‍ജന രീതികള്‍ പഠിപ്പിക്കുന്നതില്‍ ഡയപ്പറുകള്‍ കാലതാമസമുണ്ടാക്കുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വലിച്ചെറിയുന്ന ഡയപ്പറുകള്‍ പരിസ്ഥിതിക്കും ഗുരുതര ആഘാതങ്ങള്‍ ഏല്‍പ്പിക്കുന്നുണ്ട്.
കുഞ്ഞുങ്ങള്‍ വിസര്‍ജിച്ചെന്ന് കണ്ടെത്തിയാല്‍ ഉടന്‍ ഡയപ്പര്‍ മാറ്റുക. ഡയപ്പറിന് കുറഞ്ഞ നനവേ ഉള്ളു എന്നത് ഇനിയും കുറേ നേരം ഇടാം എന്ന നിലയ്ക്കെടുക്കരുത്. കുഞ്ഞിന്‍റെ അടിഭാഗം എപ്പോഴും തുടച്ച് ഉണക്കി വൃത്തിയായി സൂക്ഷിക്കണം. നേരിട്ട് വലിച്ചെറിയുന്നതിന് പകരം കൃത്യമായ സംസ്കരണത്തിന് അനുയോജ്യമായ രീതിയില്‍ ഡയപ്പര്‍ ഒഴിവാക്കുക.
















