തിരുവനന്തപുരം: വോട്ടർപട്ടിക വിവാദത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പേര് ചേർക്കൽ നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന എപിക് (EPIC) നമ്പർ നീക്കം ചെയ്ത് പകരം പുതിയ തിരിച്ചറിയൽ നമ്പർ നൽകിയതിലെ വിവാദങ്ങൾക്കിടയിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ (SEC) മുന്നോട്ട് പോകുന്നു. വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനായി SEC അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.sec.kerala.gov.in-ലെ ‘വോട്ടർ സെർച്ച്’ ഓപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
സംസ്ഥാനം, തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്നിങ്ങനെ മൂന്ന് തലങ്ങളായി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിലേക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേര്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അഥവാ എപിക് നമ്പര്‍ എന്നിവ നല്‍കി പേരു തിരയാം. എപിക് കാര്‍ഡ് നമ്പര്‍ രണ്ടു തരത്തിലുണ്ട്. പഴയതും പുതിയതും. തദ്ദേശ ഭരണ സ്ഥാപന വോട്ടര്‍ പട്ടികയില്‍ അപേക്ഷിച്ചപ്പോള്‍ ഇതിലേതാണോ നല്‍കിയത് അതുപയോഗിച്ചു മാത്രമേ പേര് കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇതു കൂടാതെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയിട്ടുള്ള പഴയ SEC ഐഡി നമ്പരോ പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോ എന്നു പരിശോധിക്കാം.
എങ്ങനെ വോട്ടർ പട്ടികയിൽ പേര് പരിശോധിക്കാം?
സംസ്ഥാന തലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരു തിരയാന്‍ വെബ് സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ സര്‍വ്വീസസ്(voter services) ക്ലിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് വോട്ടര്‍ സ്‌റ്റേറ്റ് വൈസ്(search voter state wise), സെര്‍ച്ച് വോട്ടര്‍ ലോക്കല്‍ ബോഡി വൈസ്(search voter local body wise), സെര്‍ച്ച് വോട്ടര്‍ വാര്‍ഡ് വൈസ്(search voter local body ward wise) എന്നീ മൂന്ന് ഓപ്ഷനുകള്‍ സ്‌കീനില്‍ തെളിയും.
സംസ്ഥാന തലത്തില്‍ പേരു തിരയാന്‍?
ഇതില്‍ സംസ്ഥാന തലത്തില്‍ പേരു തിരയാന്‍ ആദ്യത്തെ സ്റ്റേറ്റ് വൈസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ സെര്‍ച്ച് ബൈ എപിക്/ Old SEC Id എന്നീ രണ്ട് ഓപ്ഷനുകള്‍ മുകളില്‍ ഇടതു വശത്ത് കാണാനാകും. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍റെ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പഴയ SEC I്d നമ്പര്‍, പുതിയ SEC യും 9 അക്കങ്ങളും ചേര്‍ന്ന സവിശേഷ നമ്പര്‍ എന്നിവ ഉപയോഗിച്ചും പേര് തിരയാവുന്നതാണ്.
പുറമേ ലോക്കല്‍ ബോഡി വൈസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തദ്ദേശ സ്ഥാപന തലത്തിലും പേര് തിരയാവുന്നതാണ്. ഇവിടെ ജില്ലയുടെ പേരും തദ്ദേശ സ്ഥാപനത്തിന്റെ പേരും നല്‍കിയ ശേഷം വോട്ടറുടെ പേരോ, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരോ(EPIC), SEC യുടെ പഴയതോ പുതിയതോ ആയ നമ്പരോ നല്‍കിയും പേര് പരിശോധിക്കാം.
അതു പോലെ സെര്‍ച്ച് വാര്‍ഡ് വൈസ് ക്ലിക്ക് ചെയ്തും വാര്‍ഡ് തലത്തില്‍ വോട്ടറുടെ പേര് തിരയാവുന്നതാണ്. അപേക്ഷിക്കുമ്പോള്‍ നല്‍കിയിട്ടുള്ള പേരും, വോട്ടര്‍ ഐഡി കാര്‍ഡ് നമ്പരും കൃത്യമായി നല്‍കിയാല്‍ മാത്രമേ പരിശോധനയില്‍ കണ്ടെത്താനാകുകയുള്ളൂ. ഇരട്ട വോട്ടുണ്ടെന്ന് പരാതിയുണ്ടെങ്കില്‍ അക്കാര്യം ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ അറിയിക്കാവുന്നതാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
















