ചെന്നൈ കസ്റ്റംസിനെതിരെ കൈക്കൂലി ആരോപിച്ച് വിൻട്രാക്ക് ഇൻകോർപ്പറേറ്റഡ് നടത്തിയ പരസ്യ പ്രഖ്യാപനം ഒരു പോരാട്ടമായിമാറിയിരിക്കുകയാണ്. ഇത് ഇന്ത്യയുടെ വ്യാപാര അടിസ്ഥാന സൗകര്യങ്ങളിലെ അഴിമതിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. വിൻട്രാക്കിന്റെ ചാർജുകളിൽ ധനകാര്യ മന്ത്രാലയം ഔദ്യോഗിക അന്വേഷണം സ്ഥിരീകരിച്ചതിനുശേഷം , രാജ്യത്തുടനീളമുള്ള ഇറക്കുമതിക്കാർ, കസ്റ്റംസ് ബ്രോക്കർമാർ, ബിസിനസ്സ് ഉടമകൾ എന്നിവർ തുറമുഖങ്ങളിലെ പീഡനം, കൈക്കൂലി ആവശ്യങ്ങൾ, കാലതാമസം എന്നിങ്ങനെ പല പാരാതകളുമായി മുന്നോട്ട് വരുന്നുണ്ട്.
അതേസമയം ആരോപണങ്ങളിൽ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. റവന്യൂ വകുപ്പിനോട് വിഷയത്തിൽ നീതിയുക്തവും സുതാര്യവും വസ്‌തുതാധിഷ്‌ഠിതവുമായ അന്വേഷണം നടത്താൻ നിർദേശിച്ചതായി എക്‌സിൽ പങ്കിട്ട പോസ്‌റ്റിൽ പറഞ്ഞു.
ഇതിനായി പ്രത്യേക ഉദ്യോഗസ്ഥന് ചുമതല നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുന്നതിനും, ബന്ധപ്പെട്ട എല്ലാ കക്ഷികളെ കേൾക്കുന്നതിനും, ഉദ്യോഗസ്ഥരെ ചേദ്യം ചെയ്യുന്നതിനും, ഡോക്യുമെൻ്ററി തെളിവുകൾ പരിശോധിക്കുന്നതിനും ഇദ്ദേഹത്തിന് നിർദേശം നൽകയിട്ടുണ്ട്.
ചെന്നൈ കസ്റ്റംസിന് നേരെ കൈക്കൂലി ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയാണ് കഴിഞ്ഞ ദിവസം വിൻട്രാക്ക് ഇന്ത്യയിലെ പ്രവർത്തനം നിർത്തിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചത്. ചെന്നൈ കസ്റ്റംസിൽ നിന്നും നിരന്തര ‘പീഡനം’ നേരിടുകയാണെന്നാരോപിച്ച് വിൻട്രാക്ക് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയതിന് പിന്നാലെ വ്യാപക അഴിമതി ആരോപണം ശരിവച്ച് ശശി തരൂരും രംഗത്തെത്തിയിരുന്നു.
ഒക്ടോബർ 1 മുതൽ ഇന്ത്യയിലെ ഇറക്കുമതി-കയറ്റുമതി പ്രവർത്തനങ്ങള്‍ നിർത്തിവയ്‌ക്കുന്നതായി കമ്പനി അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ശശി തരൂർ രംഗത്തെത്തിയത്. സ്ഥിതിഗതികൾ അക്ഷരാർഥത്തിൽ നിരാശാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
എല്ലാ രംഗത്തും അഴിമതി വ്യാപകമാണ്, രാജ്യം വളരാനും അഭിവൃദ്ധി പ്രാപിക്കാനും ഇത് തടസമാകും എന്ന് തരൂർ എക്‌സ് പോസ്റ്റിൽ കുറിച്ചു. വിൻട്രാക്ക് ഇൻ കോർപ്പറേറ്റ്‌സിൻ്റെ പ്രസ്‌താവനയും ശശി തരൂർ എക്‌സിൽ പങ്കുവച്ചു. കഴിഞ്ഞ 45 ദിവസമായി ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിച്ചുവെന്ന് ആരോപിക്കുന്നതാണ് ഈ പോസ്റ്റ്.
കൈക്കൂലി ആരോപണത്തെച്ചൊല്ലിയുള്ള തർക്കം ഗുരുതരമായി. ഇത് കാരണം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർബന്ധിതരാവുന്നു എന്നാണ് സ്ഥാപനത്തിൻ്റെ വാദം. ‘ഈ വർഷം രണ്ടുതവണ കൈക്കൂലി ആവശ്യപ്പെട്ടു. ഇതിന് ശേഷം ഞങ്ങളുടെ പ്രവർത്തനങ്ങൾ ഇടിയുകയും ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ് നശിക്കുകയും ചെയ്‌തു. ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും തുടർച്ചയായ സമ്മർദ്ദങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നത് അസാധ്യമാക്കി’ എന്നാണ് ലോജിസ്റ്റിക്‌സ് കമ്പനിയുടെ പ്രസ്‌താവന.
ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥർ ഷിപ്പ്മെൻ്റുകൾ ക്ലിയർ ചെയ്യുന്നതിന് ആവർത്തിച്ച് കൈക്കൂലി ആവശ്യപ്പെട്ടു എന്നും വിൻട്രാക്ക് ആരോപണം ഉന്നയിച്ചു. എന്നാൽ ചെന്നൈ കസ്റ്റംസ് ആരോപണം നിഷേധിച്ചു. കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും ഉത്‌പന്നങ്ങളെ കുറിച്ചുള്ള തെറ്റായ വിവരണം, പ്രചാരണം എന്നിവ നടത്തിയതിന് കമ്പനിക്ക് നേരെ നടപടി എടുക്കുകയായിരുന്നുവെന്നും കസ്റ്റംസ് പറഞ്ഞു.
അലിഎക്‌സ്പ്രസ്സ്, അലിബാബ, ലസാഡ, ഷോപ്പി തായ്‌ലൻഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഉത്‌പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു ലോജിസ്റ്റിക്‌സ് കമ്പനിയായി വിൻട്രാക്ക് ഇൻകോർപ്പറേറ്റഡ് പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നേരിട്ട് ഉത്‌പന്നങ്ങൾ ലഭ്യമാക്കാൻ ആഗ്രഹിക്കുന്ന ചെറുകിട ഇറക്കുമതിക്കാരെ ലക്ഷ്യമിട്ട്, ഇന്ത്യയിൽ ഓർഡറുകൾ ഡെലിവറി ചെയ്യുന്നുവെന്ന് കമ്പനി വിവരിക്കുന്നു.
2021 മുതൽ കമ്പനി കൂടുതൽ സജീവമാണ്. സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെയും ഇന്ത്യയിലുടനീളം ഡോർ ടു ഡോർ ഡെലിവറി സേവനങ്ങളിലൂടെയും ഒരു ഉപഭോക്തൃ അടിത്തറ കമ്പനി കെട്ടിപ്പടുക്കുന്നു.
















